
സൂര്യയുടെ ഭാര്യയായതുകൊണ്ട് പറയുകയല്ല ; കങ്കുവ അപൂർവ്വമായ ഒരു സിനിമാകാഴ്ചയാണ് : നടി ജ്യോതിക
രണ്ടര വർഷത്തിന് ശേഷം സൂര്യയുടേതായി പുറത്തിറങ്ങിയ ചിത്രമാണ് കങ്കുവ. വൻ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രത്തിന് വിമർശനമാണ് കേൾക്കേണ്ടി വരുന്നത്. ഇപ്പോഴിതാ, ചിത്രത്തെ വിമർശിക്കുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുകയൂം നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതിക. കങ്കുവ അപൂർവ്വമായ ഒരു സിനിമാകാഴ്ചയാണ്. ഒരു 3 മണിക്കൂർ സിനിമയിൽ ആദ്യത്തെ 1/2 മണിക്കൂർ മാത്രമാണ് ഈ പ്രശ്നം ഉള്ളത്. സത്യം പറഞ്ഞാൽ കങ്കുവ സമാനതകളില്ലാത്ത സിനിമാ അനുഭവമാണെന്നും ജ്യോതിക പറയുന്നു.

“ഞാൻ ഈ കുറിപ്പ് എഴുതുന്നത് ജ്യോതിക എന്ന നിലയിലും ഒരു സിനിമാ പ്രേമി എന്ന നിലയിലും ആണ്. അല്ലാതെ സൂര്യ എന്ന നടന്റെ ഭാര്യയായിട്ടല്ല. കങ്കുവ അപൂർവ്വമായ ഒരു സിനിമാകാഴ്ചയാണ്. സൂര്യ, നിങ്ങൾ എന്ന നടനെക്കുറിച്ചും സിനിമയെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ കാണിക്കുന്ന ധൈര്യത്തെക്കുറിച്ചും മനസ്സിലാക്കുമ്പോൾ നിങ്ങളെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്. കങ്കുവയിലെ ആദ്യത്തെ 1/2 മണിക്കൂർ വേണ്ട വിധത്തിൽ പ്രേക്ഷകരിലേക്ക് എത്തിയില്ല അതുപോലെതന്നെ ശബ്ദവും കുറച്ചേറെ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു. പക്ഷേ പോരായ്മകൾ മിക്ക ഇന്ത്യൻ സിനിമകളുടെയും ഭാഗമാണ്. പ്രത്യേകിച്ച് ഇത്തരത്തിൽ ഒരാൾ വലിയ തോതിൽ പരീക്ഷണം നടത്തിയ ഒരു ചിത്രത്തിൽ അത് സ്വാഭാവികമാണ്.

ഒരു 3 മണിക്കൂർ സിനിമയിൽ ആദ്യത്തെ 1/2 മണിക്കൂർ മാത്രമാണ് ഈ പ്രശ്നം ഉള്ളത്. സത്യം പറഞ്ഞാൽ കങ്കുവ സമാനതകളില്ലാത്ത സിനിമാ അനുഭവമാണ്. തമിഴ് സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ക്യാമറ വർക്ക് ആണ് വെട്രി പളനിസാമി ചെയ്തിരിക്കുന്നത്. ഏറ്റവും ബുദ്ധിശൂന്യമായ, സ്ത്രീകളെ പീഡിപ്പിക്കുന്നതായി ചിത്രീകരിക്കുന്ന, ഡബിൾ മീനിങ് ഡയലോഗുകളുള്ള, ഓവർ റേറ്റഡ് ആയ ആക്ഷൻ സീനുകളുള്ള നിരവധി സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അതെല്ലാം മറന്നുകൊണ്ട് ഈ പ്രശ്നങ്ങൾ അവർക്കൊന്നും സംഭവിച്ചിട്ടില്ല. ഇത് പുതിയ.കാര്യമാണെന്ന തരത്തിൽ ചില സിനിമാ സുഹൃത്തുക്കളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും നെഗറ്റീവ് റിവ്യൂസ് വരുന്നത് കാണുമ്പോൾ ഞാൻ ആശ്ചര്യപ്പെട്ടുപോവുകയാണ്.

കങ്കുവയുടെ പോസിറ്റീവുകളെപ്പറ്റി ആരും ഒന്നും മിണ്ടാത്തതെന്താണ് ? രണ്ടാം പകുതിയിലെ സ്ത്രീകളുടെ ആക്ഷൻ സീക്വൻസും ഒരു ചെറിയ കുട്ടി കങ്കുവയോടു കാണിക്കുന്ന സ്നേഹവും വഞ്ചനയും ഇതൊന്നും ആരും ശ്രദ്ധിച്ചില്ലേ ? തെറ്റുകുറ്റങ്ങൾ കണ്ടെത്തുന്ന തിരക്കിൽ കങ്കുവയിലുള്ള നല്ല കാര്യങ്ങളെല്ലാം എല്ലാവരും അവഗണിച്ചു എന്ന് തോന്നുന്നു. ഇതൊക്കെ കാണുമ്പോൾ ഇത്തരത്തിൽ റിവ്യൂ എഴുതുന്നവരെ ഇനി എപ്പോഴെങ്കിലും വിശ്വസിക്കണോ അവർ എഴുതുന്നത് വായിക്കണോ അവരെ ശ്രദ്ധിക്കണോ എന്ന് ഞാൻ ചിന്തിച്ചുപോവുകയാണ്.

അതിഗംഭീരമായ ദൃശ്യഭംഗികൊണ്ട് സമ്പന്നമായ ഒരു 3ഡി സിനിമ സൃഷ്ടിക്കാൻ കങ്കുവ ടീം എടുത്ത പ്രയത്നവും അവരുടെ സമർപ്പണവും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതിന് പകരം പല ഗ്രൂപ്പുകൾ മുന്നോട്ട് വച്ച പ്രോപഗണ്ടയിൽ വിശ്വസിച്ച് ആദ്യ ഷോ തീരുന്നതിനു മുൻപ് തന്നെ കങ്കുവയ്‌ക്കെതിരെ മനഃപൂർവം ഇത്തരത്തിൽ നെഗറ്റീവ് പ്രചാരണങ്ങൾ അഴിച്ചുവിടുന്നത് കാണുമ്പോൾ ശരിക്കും ദുഃഖം തോന്നുന്നു. മികച്ച സിനിമാനുഭവം കാഴ്ചവയ്ക്കാൻ നിങ്ങൾ ശ്രമിച്ചു എന്നനിലയിൽ ടീം കങ്കുവക്ക് അഭിമാനിക്കാം, പക്ഷേ നെഗറ്റീവ് കമൻ്റ് ചെയ്യുന്നവർക്ക് സിനിമയെ പ്രോത്സാഹിപ്പിക്കാൻ അവരുടെ ക്രെഡിറ്റിൽ അതല്ലാതെ മറ്റൊന്നുമില്ല. ” ജ്യോതിക കുറിച്ചു.