
ന്യൂഡൽഹി: ഡൽഹിയിലും പൂനെയിലുമായി വൻ ലഹരി വേട്ട. 3000 കോടി രൂപയുടെ നിരോധിത ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. മ്യാവു, മ്യാവു എന്ന് അറിയപ്പെടുന്ന മെഫഡ്രോണാണ് പിടികൂടിയത്. ഡൽഹിയിലെ ഹൗസ് ഖാസ് മേഖലയിലും പുന്നെയിലെ കുർക്കുംഭിലുമായി നടത്തിയ പരിശോധനയിലാണ് 1100 കിലോഗ്രാം മെഫെഡ്രോൺ മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുന്നെയിൽ ഉപ്പ് സൂക്ഷിക്കുന്ന ഒരു ഗോഡൗണിൽ നിന്നാണ് ആദ്യം മയക്കുമരുന്ന് പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കൃത്രിമമായി നിർമ്മിച്ച 400 കിലോ മയക്കുമരുന്നുകളും പോലീസ് പിടിച്ചെടുക്കുകയായിരുന്നു. ലഹരി മാഫിയ തലവൻ ലളിത് പാട്ടീലിന്റെ ബന്ധവും പൊലീസ് അന്വേഷിക്കുന്നു. അറസ്റ്റിലായവർക്കെതിരെ മുൻപും സമാനമായ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്ര പൊലിസിന്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.