തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ്റെ വിദേശ സഞ്ചാരങ്ങളിലേക്കും അന്വേഷണം. 2014 സെപ്റ്റംബറിൽ എക്സാലോജിക്ക് ആരംഭിച്ചതിനു ശേഷം വീണ വിജയൻ നടത്തിയ വിദേശ സഞ്ചാരങ്ങളുടെ വിശദാംശങ്ങളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ വിദേശ സഞ്ചാരങ്ങളിൽ നിരവധി തവണ വീണ അനുഗമിച്ചിരിക്കുന്നു. വീണയുടെ വിദേശ സഞ്ചാരം വഴി എക്സാലോജിക്ക് കമ്പനിക്ക് നേട്ടം ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. വീണയുടെ ഭർത്താവ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഔദ്യോഗിക വിദേശ യാത്രകളിലും വീണ അനുഗമിച്ചിരുന്നു.
വിദേശ സഞ്ചാരത്തെക്കുറിച്ചും കുടുംബാംഗങ്ങൾ വിദേശയാത്രയിൽ അനുഗമിച്ചതിനെ കുറിച്ചും മുഹമ്മദ് റിയാസിനോട് നിയമസഭയിൽ കെ. ബാബു എം.എൽ എ ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും റിയാസ് മറുപടി നൽകിയിരുന്നില്ല. ഈ മാസം 1 നാണ് കെ.ബാബു റിയാസിൻ്റെ വിദേശ സന്ദർശനങ്ങളെ കുറിച്ച് ചോദ്യം ഉന്നയിച്ചത്.
എത്ര തവണ വിദേശ സഞ്ചാരം നടത്തി, ഏതൊക്കെ രാജ്യങ്ങളാണ് സന്ദർശിച്ചത്, സന്ദർശന തീയതിയും താമസിച്ച ഹോട്ടലും, ചെലവഴിച്ച തുക , യാത്രയിൽ കുടുംബാംഗങ്ങൾ അനുഗമിച്ചിട്ടുണ്ടോ, ആരാണ് അനുഗമിച്ചത്, അവരുടെ ചെലവ് ആരാണ് വഹിച്ചത് എന്ന ചോദ്യങ്ങൾക്ക് 20 ദിവസം കഴിഞ്ഞിട്ടും മറുപടി തരാതെ ഒളിച്ചു കളിക്കുകയാണ് മുഹമ്മദ് റിയാസ്.
നിയമസഭ ചോദ്യങ്ങൾക്ക് തലേ ദിവസം മറുപടി നൽകണമെന്നാണ് ചട്ടം. റിയാസിൻ്റെ മൗനം വിദേശ സന്ദർശനങ്ങളിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.