ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയിൽവേ പാലമായ ചെനാബ് പാലം ഉൾപ്പെടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജമ്മു കശ്മീരിലെത്തും. പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരമുള്ള, റെയിൽ പാലത്തിന്റെ ഉദ്ഘാടനത്തോടെ രാജ്യം മറ്റൊരു നാഴിക്കല്ലാണ് പിന്നിടുന്നത്. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏതൊരു റെയിൽവേ പ്രോജക്റ്റിന്റേയും ഏറ്റവും വലിയ സിവിൽ-എഞ്ചിനീയറിംഗ് വെല്ലുവിളിയായി വിലയിരുത്തപ്പെട്ട പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തെയാണ് ഇന്ന് ജമ്മുവിൽ അടയാളപ്പെടുത്തുക.
2003-ൽ അംഗീകരിക്കപ്പെടുകയും 2008-ൽ കരാറിലേർപ്പെടുകയും ചെയ്ത പദ്ധതിയാണ് ചെനാബിലെ റെയിൽവേ മേൽപ്പാലം. പാലത്തിന്റെ സുരക്ഷയും സ്ഥിരതയും സംബന്ധിച്ച് ഏറെ ആശങ്കകൾക്ക് ശേഷം, ജമ്മുവിലെ ചെനാബ് നദിക്ക് കുറുകെയുള്ള ഒറ്റ കമാന പാലം അതിന്റെ എല്ലാ പരിശോധനകളിലും വിജയിക്കുകയും ചെയ്തു. രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് റെയിൽറോഡ് ചരിത്രത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്ന പാലം യാഥാർത്ഥ്യമായിരിക്കുന്നത്.
*ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിലാണ് ഈ കമാന പാലം കടന്നുപോകുന്നത്, കത്രയിൽ നിന്ന് ബനിഹാലിലേക്കുള്ള ഒരു നിർണായക ലിങ്കാണ് പാലത്തിലൂടെ രൂപപ്പെടുന്നത്.
*നദീതടത്തിൽ നിന്ന് 1,178 അടി ഉയരത്തിലാണ് പാലം സ്ഥിതിചെയ്യുന്നത്, ഇത് പാരീസിലെ ടൂറിസ്റ്റ് ഐക്കണായ ഈഫൽ ടവറിനേക്കാൾ ചെനാബ് പാലത്തെ 35 മീറ്റർ ഉയരമുള്ളതാക്കുന്നു.
*സങ്കീർണ്ണമായ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും കണക്റ്റിവിറ്റി നൽകിക്കൊണ്ട് ജമ്മു കശ്മീരിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന 35000 കോടി രൂപയുടെ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമാണ് പാലം.
*ചെനാബ് പാലത്തിന്റെ നിർമ്മാണത്തിനായി ചെലവായത് ഏകദേശം 14,000 കോടി രൂപയാണ്.
*ഇന്ത്യൻ റെയിൽവേ പുറത്തുവിട്ട വീഡിയോ പ്രകാരം കശ്മീരിനെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരതിന്റെ അഭിലാഷ പദ്ധതിയിലാണ് ചെനാബ് പാലം ഉൾപ്പെടുന്നത്.
*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പരിശോധനകളിൽ ഉയർന്ന വേഗതയിലുള്ള കാറ്റ് പരിശോധന, തീവ്ര താപനില പരിശോധന, ഭൂകമ്പ സാധ്യതാ പരിശോധന, ജലനിരപ്പ് വർധിക്കുന്നതുമൂലമുള്ള ജലശാസ്ത്രപരമായ ആഘാതം എന്നിവ ഉൾപ്പെടുന്നു.
*പാലത്തിന് ഏകദേശം 120 വർഷത്തെ ആയുസ്സാണ് പ്രതീക്ഷിക്കുന്നത്.
*മണിക്കൂറിൽ 260 കി.മീ വേഗതയിൽ വീശുന്ന കാറ്റിനെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം.
*2015 കിലോമീറ്റർ നീളമുള്ള അപ്രോച്ച് റോഡാണ് പാലത്തിന് ഉള്ളത്, ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് വടക്കൻ റെയിൽവേ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ പറയുന്നു.
*ചെനാബിന്റെ ഇരുകരകളിലും കൗരി അറ്റത്തും ബക്കൽ അറ്റത്തും സ്ഥാപിച്ചിട്ടുള്ള രണ്ട് മാമത്ത് കേബിൾ ക്രെയിനുകളുടെ സഹായത്തോടെ പാലത്തിന്റെ കമാനം നിർമ്മിക്കാൻ എഞ്ചിനീയർമാർ മൂന്ന് വർഷമെടുത്തു.
*ഭൂമിശാസ്ത്രപരമായി പ്രാധാന്യമുള്ള ഈ മേഖലയിൽ വിന്യസിച്ചിരിക്കുന്ന സായുധ സേനയ്ക്കും ഈ റെയിൽവേ ലൈൻ ഉപയോഗപ്രദമാകുമെന്നും ടൂറിസം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ഇന്ത്യൻ റെയിൽവേ വീഡിയോയിൽ പറയുന്നു.
*2003 ൽ ആദ്യ അനുമതി ലഭിച്ചതിന് ശേഷം പദ്ധതിയുടെ പൂർത്തീകരണത്തിനായി ജമ്മു കശ്മീരിലെ ജനങ്ങൾക്ക്, രണ്ട് പതിറ്റാണ്ടാണ് കാത്തിരിക്കേണ്ടി വന്നത്.
*ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ ജമ്മുവിനും ശ്രീനഗറിനും ഇടയിൽ വന്ദേ ഭാരത് മെട്രോ ട്രെയിൻ ഓടി തുടങ്ങും.