തിരുവനന്തപുരം : ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിനെത്തിയ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. തിരുവനന്തപുരം മംഗലപുരത്ത് നിന്നാണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഗവർണർക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. തിരുവനന്തപുരം മംഗലപുരം ജംഗ്ഷനിൽ വച്ചാണ് കരിങ്കോടി കാണിച്ചത്. തുടർന്ന് 12 ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് ഗവർണറെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് വാഹനത്തിൽ നിന്ന് പിടിച്ചിറക്കിയത്. വയനാട്ടിലെ വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ കാണാൻ എത്തിയതായിരുന്നു ഗവർണർ. കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി വയനാട്ടിലേക്ക് പോകും വഴിയായിരുന്നു കരിങ്കോടി പ്രതിഷേധം.