ബഹിരാകാശത്ത് അടുത്ത പരീക്ഷണത്തിനൊരുങ്ങുകയാണ് ഐ.എസ്.ആർ.ഒ. ലാൻഡറിനൊപ്പം ചെറു ഹെലികോപ്റ്ററായ റോട്ടോകോപ്റ്ററും ചൊവ്വയിലേക്ക് അയയ്‌ക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് . 2022-ൽ അവസാനിച്ച മംഗൾയാൻ ദൗത്യത്തിന്റെ തുടർച്ചയെന്നവണ്ണമാകും പുതിയ ദൗത്യം. നാസയുടെ ഇൻജെനിറ്റി ക്വാഡ്‌കോപ്റ്ററിന്റെ മാതൃകയിൽ ഒരു റോവറും ഡ്രോണും വിന്യസിക്കുകയാണ് ഇസ്രോയുടെ പദ്ധതി.
ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 100 മീറ്റർ ഉയരത്തിൽ വരെ പറന്നിറങ്ങാൻ കഴിയും വിധത്തിലാകും റോട്ടോകോപ്റ്റർ നിർമ്മിക്കുക. ഇതിൽ ഘടിപ്പിച്ച സെൻസറുകൾ നിർണായക വിവരങ്ങൾ ഭൂമിയിലേക്ക് അയക്കും.
ചൊവ്വയുടെ കാലാവസ്ഥയും അതിന്റെ ചരിത്രവും മനസിലാക്കാനും കൂടുതൽ ഗവേഷണങ്ങൾ നടത്താനും ശാസ്ത്രജ്ഞരെ ദൗത്യം പ്രാപ്തരാക്കും. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ യാത്രയിലെ നാഴികക്കല്ലാകും പുതിയ ദൗത്യമെന്നാണ് വിലയിരുത്തൽ.
അതേ സമയം രണ്ട് ദിവസം മുമ്പാണ് ഐഎസ്‍ആർഒയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡി വിക്ഷേപിച്ചത് ജിഎസ്എൽവി- എഫ്14 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എൽവിയുടെ 16-മത്തെ ദൗത്യമാണിത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.35-നായിരുന്നു വിക്ഷേപണം നടത്തിയത് .
ഇന്ത്യൻ കാലാവസ്ഥ പ്രവചനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സജ്ജീകരണങ്ങളോടെയാണ് ഇൻസാറ്റ്-3ഡി എസ് നിർമ്മിച്ചിരിക്കുന്നത്. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഏകദേശം 480 കോടി രൂപ ചെലവിലാണ് നിർമ്മാണം. ഭൗമശാസ്ത്ര മന്ത്രാലയത്തിന് വേണ്ടിയാണ് ഇസ്രോ ഈ ദൗത്യം നടത്തുന്നത്.
കാലാവസ്ഥാ നിരീക്ഷണം, പ്രവചനം, ദുരന്ത മുന്നറിയിപ്പ് തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ചാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇസ്രോ അറിയിച്ചു. ഇൻസാറ്റ് 3 ഡി എസിലൂടെ സമുദ്രത്തിന്റെയും ഉപരിതല നിരീക്ഷണവും സാദ്ധ്യമാകും.