തിരുവനന്തപുരം: ഉത്തരവ് ഇറക്കാത്തത് എങ്ങനെ കുടിശികയാകുമെന്ന വിചിത്ര വാദവുമായി സർക്കാർ കോടതിയില്‍. ജീവനക്കാരുടെ ക്ഷാമബത്ത കേസിലാണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
ആകെ 21% ക്ഷാമബത്ത ആണ് ജീവനക്കാർക്ക് കണക്കുകൾ പ്രകാരം സർക്കാർ നൽകാനുള്ളത്. അതിൽ 2% നൽകുന്ന കാര്യം ധനമന്ത്രിയുടെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ക്ഷാമബത്ത അനുവദിച്ച് കൊണ്ട് ഉത്തരവ് ഇറക്കിയതിനു ശേഷം പിന്നീട് അത് നൽകിയില്ല എങ്കിൽ മാത്രമാണ് അത് കുടിശിക എന്ന രീതിയിൽ കണക്കാക്കാൻ സാധിക്കുകയുള്ളൂ എന്നും ഇവിടെ 2020 ന് ശേഷം ജീവനക്കാർക്ക് അനുവദിക്കേണ്ട ക്ഷാമബത്ത സംബന്ധിച്ച് സർക്കാർ കണക്കാക്കുകയോ ഉത്തരവ് പുറത്തിറക്കുകയോ ചെയ്തിട്ടില്ല എന്നും അതിനാൽ തന്നെ ക്ഷാമബത്ത കുടിശിക ആയി എന്ന പരാതിക്കാരുടെ വാദം തന്നെ നിലനിൽക്കുന്നതല്ല എന്നുമാണ് കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാട്.
ജീവനക്കാരുടെ ഡി.എ കുടിശിക അനുവദിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എൻ.ജി ഒ അസോസിയേഷൻ കോടതിയെ സമീപിച്ചിരുന്നു. 7 ഗഡുക്കളായി 21 ശതമാനം ഡി.എ ആണ് സംസ്ഥാന സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്.