NationalPolitics

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന പരീക്ഷാ പേ ചര്‍ച്ച ഇന്ന്

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന പരീക്ഷാ പേ ചര്‍ച്ച ഇന്ന്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ രാവിലെ 11ന് നടക്കുന്ന പരിപാടിയില്‍ 3000 പേര്‍ നേരിട്ട് പങ്കെടുക്കും. ഓരോ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി രണ്ട് വിദ്യാര്‍ത്ഥികളെയും ഒരു അദ്ധ്യാപകനെയും വിവിധ മത്സരവിജയികളെയും ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള നൂറു വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പാണ് ചര്‍ച്ചയുടെ സംഘാടകര്‍. കഴിഞ്ഞ വര്‍ഷം 31.24 ലക്ഷം വിദ്യാര്‍ത്ഥികളും 5.60 ലക്ഷം അദ്ധ്യാപകരും 1.95 ലക്ഷം രക്ഷിതാക്കളുമാണ് പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്തത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ജീവിതവും പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കുക. രാജ്യത്തുടനീളമുള്ള 2.26 കോടി പേര്‍ ഓണ്‍ലൈനായി ചര്‍ച്ചയുടെ ഭാഗമാകും.

പരീക്ഷ പേ ചര്‍ച്ചയുടെ ഏഴാം പതിപ്പാണ് ഇന്ന് നടക്കുന്നത്. ഓരോ കുട്ടിയുടെയും തനതായ വ്യക്തിത്വം ആഘോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പൂര്‍ണമായി പ്രകടിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.

പരീക്ഷാ പിരിമുറുക്കത്തെ മറികടക്കാനുള്ള വഴികളെക്കുറിച്ച് കൂട്ടായി തന്ത്രങ്ങള്‍ മെനയുന്നതിനായി അവിസ്മരണീയമായ പരീക്ഷ പേ ചര്‍ച്ചയ്‌ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പരീക്ഷകളെ അവസരങ്ങളുടെ ജാലകമാക്കി മാറ്റാമെന്നും മോദി എക്സില്‍ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *