‘അച്ഛൻ മരിച്ചപ്പോൾ അമ്മ എന്ത്ചെയ്യുമെന്ന് ആലോചിച്ചു, അതിനുത്തരമാണ് ഞങ്ങൾ’; പൃഥ്വിരാജ്

തിരുവനന്തപുരത്ത് നടന്ന മല്ലികാവസന്തം@50 എന്ന പരിപാടിയിൽ അമ്മയെക്കുറിച്ചുള്ള ഓർമകളും പങ്കുവെക്കവെ വികാരാധീതരായി മലയാളത്തിന്റെ താരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും. മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന മല്ലികാ സുകുമാരനെ ആദരിക്കാൻ വേണ്ടി നടത്തിയ പരിപാടിയിലാണ് അമ്മയുടെ അനുഭവങ്ങളെക്കുറിച്ചും, അമ്മയെക്കുറിച്ചുള്ള അഭിമാനത്തിലും ഇരുവരും വാചാലരായത്.

അച്ഛൻ മരിച്ച സമയത്ത് അമ്മ എന്ത് ചെയ്യുമെന്ന് താൻ ആശങ്കപ്പെട്ടിരുന്നെന്നും അമ്മ എന്തു ചെയ്തുവെന്നതിന്റെ ഉത്തരമാണ് തങ്ങൾ രണ്ടുപേരെന്നും പ്രിഥ്വിരാജ് പറഞ്ഞു. അമ്മയോടൊപ്പം അഭിനയിക്കാനും അമ്മ അഭിനയിച്ച സിനിമ നിർമിക്കാനും അമ്മ അഭിനയിച്ച ചിത്രം സംവിധാനം ചെയ്യാനും പറ്റിയ മകനാണ് താനെന്ന് പറഞ്ഞ പറഞ്ഞ പൃഥി തൊണ്ടയിടറുന്ന വാക്കുകളോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.

”സ്വന്തം കർമമേഖലയിൽ 50 വർഷം സജീവമായി പ്രവർത്തിക്കുകയെന്നത് വളരെ ചുരുക്കം ചിലയാളുകൾക്ക് ലഭിക്കുന്ന അത്യപൂർവ ഭാഗ്യമാണ്, പ്രത്യേകിച്ചും സിനിമയിൽ. അമ്മയോടൊപ്പം അഭിനയിക്കാനും അമ്മ അഭിനയിച്ച സിനിമ നിർമിക്കാനും അമ്മയെ സംവിധാനം ചെയ്യാനും എനിക്ക് പറ്റിയിട്ടുണ്ട്. ഇത് മൂന്നും ചെയ്യാൻ പറ്റിയ എത്ര മക്കളുണ്ടെന്ന് എനിക്ക് അറിയില്ല. അതിൽ ഞാൻ അഭിമാനിക്കുന്നു. അമ്മയാണ് കുടുബത്തിലെ ഏറ്റവും കഴിവുള്ള കലാകാരി. ഇനിയും അമ്മയ്ക്ക് കുറെകാര്യങ്ങൾ സിനിമയിൽ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. കലാകാരിയെന്ന നിലയിൽ അമ്മയെക്കുറിച്ച് സംസാരിക്കാനുള്ള ജ്ഞാനം എനിക്കില്ല.

ഒരു അമ്മ നിലയ്ക്ക്, സ്ത്രീയെന്ന നിലയ്ക്ക് ഞാൻ 40-45 വർഷമായി കാണുന്ന ഒരാളാണ്. ഞാനെന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് അമ്മ. അച്ഛൻ മരിച്ച് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലും, ചേട്ടനും ഞാനും അച്ഛന്റെ കൂടെ ആംബുലൻസിലുമായിരുന്നു. അന്ന് ഞാൻ ആലോചിച്ചിരുന്നു അമ്മയെന്ത് ചെയ്യുമെന്ന്. അമ്മ എന്ത് ചെയ്തുവെന്നതിന്റെ ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നിൽക്കുന്ന ഞാനും”, പൃഥി പറഞ്ഞവസാനിപ്പിച്ചു.

സമാനരീതിയിൽ, പൃഥ്വിരാജിന് മുമ്പേ സംസാരിച്ച ഇന്ദ്രജിത്തും അമ്മ തന്നെയാണ് കുടുംബത്തിലെ മികച്ച കലാകാരിയെന്ന് പറഞ്ഞിരുന്നു. തങ്ങളുടെ ഭാഗമായി അമ്മ എപ്പോഴും ഉണ്ടായിരുന്നുവെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു.

”സ്‌കൂൾ പഠിക്കുന്ന കാലത്തായിരുന്നു അച്ഛൻ ഞങ്ങളെ വിട്ട് പോകുന്നത്. എന്റെ ഓർമ ശരിയാണെങ്കിൽ അന്ന് അമ്മയ്ക്ക് 41 , 42 വയസാണ്. വീട്ടമ്മയായി നിൽക്കുന്ന സമയത്ത് നമ്മുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എന്താണ് ചെയ്യേണ്ടതെന്ന പേടിയുണ്ടായിരുന്നു. എന്നാലും അമ്മയുടെ ധൈര്യം കൊണ്ട് നമ്മുടെ കൂടെ ശക്തിയായി കൂടെ നിന്നു. എനിക്കും പ്രിഥ്വിക്കും എന്താണ് വേണ്ടതെന്ന് മനസിലാക്കി വേണ്ട കാര്യങ്ങൾ ചെയ്ത് തന്ന് ഞങ്ങളോടൊപ്പം അന്ന് മുതൽ ഇന്ന് വരെ ഞങ്ങളുടെ വളർച്ചയുടെ വലിയ ഭാഗമായയാളാണ് ഞങ്ങളുടെ അമ്മ, മല്ലികാ സുകുമാരൻ. ഈ അവസരത്തിൽ അമ്മയോടുള്ള സ്‌നേഹവും നന്ദിയും അറിയിക്കുന്നു”, ഇന്ദ്രജിത്ത് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments