തിരുവനന്തപുരം: മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഭർത്താവിൻ്റെ ചികിൽസക്കായി 46,951 രൂപ അനുവദിച്ചു. ഭർത്താവിൻ്റെ ചികിൽസക്ക് ചെലവായ പണം ലഭിക്കണമെന്നാവശ്യപ്പെട്ട് ചിഞ്ചുറാണി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ഈ മാസം 18 ന് ചിഞ്ചുറാണിക്ക് തുക അനുവദിച്ച് ഉത്തരവിറങ്ങി.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനും ചികിൽസക്ക് ചെലവായ 15,009 രൂപ അനുവദിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രി അനുമതി നൽകിയതിനെ തുടർന്ന് ഈ മാസം 17 നാണ് ബിന്ദുവിന് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. ചിഞ്ചുറാണിയുടെ ഭർത്താവിൻ്റേയും മന്ത്രി ബിന്ദുവിൻ്റേയും രോഗം എന്താണെന്ന് ഉത്തരവിൽ വെളിപ്പെടുത്തിയിട്ടില്ല.
നേരത്തേ, മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ചികില്‍സക്ക് ചെലവായ 1,53,709 രൂപ അനുവദിച്ചിരുന്നു. മന്ത്രിമാരുടെ ചികില്‍സക്ക് ചെലവായ തുക മാറുന്നതിന് ട്രഷറി നിയന്ത്രണം തടസമില്ല.
ഇതിന് മുമ്പ് മന്ത്രി ബിന്ദുവിന്റെ കണ്ണട വാങ്ങാൻ 30,500 രൂപ ചെലവാക്കിയത് വാർത്തയായിരുന്നു. ചെലവായ തുകക്ക് അപേക്ഷിച്ചിട്ട് ആറുമാസം കഴിഞ്ഞായിരുന്നു അന്ന് തുക നല്‍കിയത്. അപേക്ഷിച്ചിട്ട് 6 മാസം കഴിഞ്ഞാണ് മന്ത്രി ബിന്ദുവിന് കണ്ണടക്ക് ചെലവായ തുക കിട്ടിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ഇതില്‍ നിന്ന് വ്യക്തം.
ശൈലജ ടീച്ചര്‍ മന്ത്രിയായപ്പോള്‍ കണ്ണട വാങ്ങിയത് 29000 രൂപയ്ക്കാണ്. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ ആയിരുന്നപ്പോള്‍ 49,900 രൂപക്കാണ് കണ്ണട വാങ്ങിയത്. കണ്ണടക്ക് ചെലവായ അരലക്ഷം രൂപ ശ്രീരാമകൃഷ്ണനും ഖജനാവില്‍ നിന്ന് വാങ്ങി.