തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ ഡൈനിംഗ് ഹാൾ (ഭക്ഷണ മുറി) നവീകരിക്കുന്നു. 12 കോടി ചെലവിലാണ് നവീകരണം. പതിവ് പോലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ഊരാളുങ്കലിന് തന്നെയാണ്.
നിയമസഭ മന്ദിരത്തിലെ താഴത്തെ നിലയിലാണ് വിശാലമായ ഭക്ഷണ മുറിയുള്ളത്. എന്നാല്‍. ഇവിടെ എ.സി സൗകര്യമില്ലാത്തതാണ് സ്പീക്കർ എ.എൻ. ഷംസീറിനെ വിഷമത്തിലാക്കിയത്. പരിപാടി നടക്കുമ്പോൾ കസേരയും മേശയും കൂളറും പുറത്ത് നിന്നാണ് കൊണ്ട് വരുന്നത്. ഫുൾ എയർ കണ്ടീഷൻ ചെയ്ത് അത്യാധുനിക സൗകര്യ ത്തോടെയുള്ള ഭക്ഷണ മുറി തയ്യാറാക്കാനാണ് ഷംസീറിന്റെ നിർദ്ദേശം.
ഇതിനനുസരിച്ചുള്ള എസ്റ്റിമേറ്റ് ആണ് ഊരാളുങ്കൽ തയ്യാറാക്കിയിരിക്കുന്നത്. എസ്റ്റിമേറ്റ് പരിശോധനയിലാണ് നിയമസഭ സെക്രട്ടറിയേറ്റ്. നിയമസഭ ഭക്ഷണ മുറി മോശമാണെന്ന് ലോക കേരള സഭ പ്രതിനിധികളും അഭിപ്രായപ്പെട്ടിരുന്നു.
ലോക കേരള സഭയിലെ പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കിയത് ഇവിടെയായിരുന്നു. ശ്രീരാമകൃഷ്ണൻ സ്പീക്കർ ആയിരുന്നപ്പോഴാണ് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചത് . 16 കോടി ചെലവിലാണ് ഊരാളുങ്കൽ ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചത്.
നിയമസഭാ മന്ദിരത്തിലെ ഏത് നിർമ്മാണ – നവീകരണ പ്രവർത്തനവും ആദ്യം തേടിയെത്തുന്നത് ഊരാളുങ്കലിനെയാണ്. നിയമസഭ പ്രവർത്തനങ്ങള്‍ ഡിജിറ്റലൈസേഷന്റെ 52 കോടിയുടെ പദ്ധതി ഏറ്റെടുത്ത് കൃത്യസമയത്ത് പൂർത്തിയാകാത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എങ്കിലും തുടർന്നുള്ള പ്രവൃത്തികളും ഊരാളുങ്കിലെ തന്നെയാണ് ആദ്യം സർക്കാർ ഏല്‍പ്പിക്കുന്നത്. 12 കോടിയുടെ ഡൈനിങ് ഹാള്‍ നിർമ്മാണം എത്രത്തോളം വിജയമായിരിക്കുമെന്ന് കണ്ടറിയണം.