കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും. വി മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലും മത്സരിക്കും. ഇരുവര്‍ക്കും രാജ്യസഭാ സീറ്റ് നല്‍കിയിട്ടില്ല. ദേശീയ കൗണ്‍സില്‍ യോഗത്തിന് ശേഷം ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും.
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി മുരളീധരന്റെയും കര്‍ണാടകയില്‍ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട രാജീവ് ചന്ദ്രശേഖറിന്റെയും കാലാവധി മെയ് മാസത്തോടെ അവസാനിക്കും. ഇരുവര്‍ക്കും രാജ്യസഭയില്‍ രണ്ടാമൂഴമില്ല. ഇവരുള്‍പ്പെടെ ഏഴ് കേന്ദ്രമന്ത്രിമാര്‍ക്ക് രാജ്യസഭ സീറ്റ് നല്‍കിയിട്ടില്ല പകരം ലോക്‌സഭയില്‍ മത്സരിക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം.
തൃശൂർ കഴിഞ്ഞാൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. നേരത്തേ തന്നെ ഇവിടെ നിന്ന് ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി എ ജയശങ്കർ എന്നിവരെ മത്സരിപ്പിക്കണമെന്നതായിരുന്നു സംസ്ഥാന നേതാക്കളുടെ ആവശ്യം. എന്നാൽ അവസാന നിമിഷം രാജീവ് ചന്ദ്രശേഖറിന് നറുക്ക് വീണെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഇക്കുറി മത്സരിക്കണമെന്ന താത്പര്യം നേരത്തേ രാജീവ് പ്രകടിപ്പിച്ചിരുന്നു.
കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു രാജീവ് ചന്ദ്രശേഖർ. നേരത്തേ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ എൻ ഡി എയുടെ വൈസ് ചെർമാനായിരുന്നു. അതേസമയം ഇത്തവണ രാജ്യസഭയിലേക്ക് രാജീവിനെ ബി ജെ പി പരിഗണിച്ചിട്ടില്ല. ഇതോടെയാണ് അദ്ദേഹം മത്സരിക്കുമെന്ന് ഏറെകുറെ ഉറപ്പായിരിക്കുന്നത്.
അതിനിടെ കേരളത്തിലെ ബി ജെ പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിച്ചേക്കും. ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയായിരിക്കും പ്രഖ്യാപിക്കുക. തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി മുരളീധരനും പാലക്കാട് സി കൃഷ്ണ കുമാറും സ്ഥാനാർത്ഥികളായേക്കുക. ഇവർ ഇതിനോടകം തന്നെ മണ്ഡലത്തിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് നിന്ന് എം ടി രമേശ് ആയിരിക്കും മത്സരിച്ചേക്കുക.
അതേസമയം ബി ജെ പി വലിയ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ പത്തനംതിട്ടയിൽ ആരെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. ഇവിടെ മത്സരിക്കാൻ പി സി ജോർജ് തയ്യാറായി നിൽക്കുന്നുണ്ട്. ബി ജെ പിയിൽ ജനംപക്ഷം ലയിച്ചപ്പോൾ ജോർജിന് മുന്നില്‍ ദേശീയ നേതൃത്വം വെച്ച വാഗ്ദാനങ്ങളിലൊന്ന് പത്തനംതിട്ട സീറ്റായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പറിയിച്ചിട്ടുണ്ട്. എന്‍ എസ് എസിന് സ്വാധീനമുള്ള മണ്ഡലമാണ് പത്തനംതിട്ടയെന്നും ഇവിടെ നായർ സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്നുമാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്.