തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് പരസ്യമായി പ്രതികരിച്ച ഗതാഗത കമ്മീഷണർ ശ്രീജിത് ഐ.പി.എസിനെ സ്ഥാനത്തുനിന്ന് മാറ്റാൻ നീക്കം ആരംഭിച്ചു. ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയോട് കെ.ബി. ഗണേഷ് കുമാർ നേരിട്ട് പരാതിപ്പെടുകയും ഗതാഗത കമ്മീഷണറെ മാറ്റണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഗണേഷ് കുമാറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസ്ഥാന പോലീസ് മേധാവിയെയും ഇൻ്റലിജൻസ് ഡിജിപി മനോജ് എബ്രഹാമിനേയും മുഖ്യമന്ത്രി നിയമസഭയിലേക്ക് വിളിച്ച് വരുത്തി മന്ത്രിയുടെ ആവശ്യത്തെക്കുറിച്ച് അറിയിച്ചു. മന്ത്രിയുടെ അനിഷ്ടത്തിന് പാത്രമായ ശ്രീജിത്ത് ഐ.പി.എസിന് സ്ഥാനം തെറിക്കുമെന്ന് ഇതോടെ ഉറപ്പായി.
കഴിഞ്ഞദിവസമാണ് ഐ.പി.എസ് ഉദ്യോഗസ്ഥനും ഗതാഗത മന്ത്രിയും തമ്മില്‍ പരസ്യമായി വാക്പോരും ഉടക്കും നടത്തിയത്.
ഇന്നലെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗത്തിൽ ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ചു. മറുപടി പറയാൻ അനുമതി നൽകിയതുമില്ല.
ഇതു വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയർന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിൽ മന്ത്രി ശകാരിക്കാൻ മുതിർന്നപ്പോൾ ഗതാഗത കമ്മിഷണർ അതേ ഭാഷയിൽ തിരിച്ചു പ്രതികരിക്കുകയായിരുന്നു.
ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കം അഞ്ചു മിനിറ്റോളം നീണ്ടു. പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു.