തിരുവനന്തപുരം: ഗതാഗത മന്ത്രിയും ഗതാഗത കമ്മീഷണറും തമ്മില്‍ പരസ്യമായി വാക്‌പോര്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകരെ പുകച്ച് ചാടിച്ചതിന് പിന്നാലെ ഐ.പി.എസ് ഉദ്യോഗസ്ഥനെ പരസ്യമായി ശാസിച്ച് പുറത്തുചാടിക്കാനുള്ള നീക്കത്തോട് ഗതാഗത കമ്മീഷണറുടെ പ്രതികരണം രൂക്ഷമായിരുന്നു.
ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗത്തില്‍ ഗതാഗത കമ്മീഷണറെ മന്ത്രി പരസ്യമായി ശാസിച്ചിരുന്നു. വിശദീകരണം നല്‍കാനുള്ള അവസരം നല്‍കിയതുമില്ല. ഇതോടെ അപമാനിതനായ ഉദ്യോഗസ്ഥന്‍ പിന്നീട് മന്ത്രിയുടെ ചേംബറിലെത്തുകയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മന്ത്രി ശകാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതേ ഭാഷയില്‍ ഗതാഗത കമ്മിഷണര്‍ തിരിച്ചു പ്രതികരിച്ചെന്നാണ് വിവരം. അഞ്ച് മിനിറ്റോളം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യം വരെയുണ്ടായി. പിന്നീട് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയത്.
ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായി അഭിപ്രായ ഭിന്നത തുടരുന്നതിനിടെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു. ഗതാഗത സെക്രട്ടറി സ്ഥാനം അദ്ദേഹം ഒഴിയുമെന്നും സൂചനയുണ്ടായിരുന്നു.
ചില വിഷയങ്ങളില്‍ ഗണേഷ് കുമാര്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ അത് മാനേജ്മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ തന്നെയും മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതല്‍ ഉണ്ടായിരുന്നത്.
ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് കുമാര്‍ സ്വീകരിച്ച നിലപാട് ഭിന്നത രൂക്ഷമാക്കിയിരുന്നു. വിദേശ സന്ദര്‍ശനത്തിലായിരുന്ന ബിജു പ്രഭാകര്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ് എം.ഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനം കൈക്കൊള്ളും.