കർഷക-തൊഴിലാളി സംഘടനകളുടെ ഭാരത് ബന്ദ് വെള്ളിയാഴ്ച; കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങളെ എതിർത്ത് കർഷക-തൊഴിലാളി സംഘടനകൾ ആഹ്വാനംചെയ്ത ഭാരതബന്ദ് വെള്ളിയാഴ്ച. കേരളത്തിൽ ബന്ദ് ജനജീവിതത്തെ ബാധിക്കില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം മാത്രമേ ഉണ്ടാകൂ.

സംയുക്ത കിസാൻ മോർച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 2020-ൽ ഡൽഹിയിൽ കർഷകസമരം നടത്തിയ സംയുക്ത കിസാൻ മോർച്ച ഗ്രാമീണതലത്തിലുള്ള ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനു ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ബന്ദിന് സി.പി.എമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്‌കെഎം) കേന്ദ്ര ട്രേഡ് യൂണിയനുകളുമാണ് രാജ്യവ്യാപക ബന്ദ് ആഹ്വാനം ചെയ്തത്. ‘ഗ്രാമീൺ ഭാരത് ബന്ദ്’ എന്ന് പേരിട്ടിരിക്കുന്ന ബന്ദ് നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് നാലുമണിവരെയാണ് നടക്കുക.

എന്നാൽ, കേരളത്തിൽ രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകും. രാവിലെ 10 മണിക്ക് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ- ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാർ അറിയിച്ചു. കേരളത്തിൽ പ്രകടനം മാത്രമായിരിക്കും ഉണ്ടാകുക.

ഭാരത് ബന്ദിന് പുറമെ, പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാല് വരെ പ്രധാന റോഡുകളിൽ കർഷകർ ധർണ്ണ നടത്തും. പഞ്ചാബിലെ ഭൂരിഭാഗം സംസ്ഥാന, ദേശീയ പാതകളും വെള്ളിയാഴ്ച നാല് മണിക്കൂർ അടച്ചിടും. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

റെയിൽ ഉപരോധിക്കുമെന്നും ജയിൽ നിറക്കൽ സമരം നടത്തുമെന്നും സംയുക്ത കിസാൻ മോർച്ചയും സംയുക്ത ട്രേഡ് യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതം, കാർഷിക പ്രവർത്തനങ്ങൾ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ ജോലികൾ, സ്വകാര്യ ഓഫീസുകൾ, ഗ്രാമീണ കടകൾ, ഗ്രാമീണ വ്യവസായിക, സേവന മേഖലയിലെ സ്ഥാപനങ്ങൾ എന്നിവ ഭാരത് ബന്ദിനോട് അനുബന്ധിച്ച് അടച്ചിടും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments