വന്ദേ ഭാരത് ട്രെയിനുകൾ ഇനി ഇന്ത്യക്ക് പുറത്തേക്കും; പ്രഖ്യാപനവുമായി കേന്ദ്രം

കേന്ദ്രം അഭിമാന പദ്ധതിയായി അവതരിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകൾ ഇനി വിദേശത്തും ഓടും. ചിലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ട്രെയിനുകൾക്കായുള്ള ആവശ്യം അറിയിച്ചിട്ടുണ്ടെന്നും വിദേശത്തേക്ക് വൈകാതെ കയറ്റുമതി ആരംഭിക്കുമെന്നും ഡെൽഹിയിൽ നടക്കുന്ന ആഗോള ബിസിനസ് ഉച്ചകോടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ട്രെയിനുകൾ കയറ്റുമതി ആരംഭിക്കും. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 475 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനാണ് പദ്ധതി.

ഇതിന്റെ ഭാഗമായി ട്രെയിൻ നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങൾ സ്വന്തം വർക്ക് ഷോപ്പുകളിൽ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവെ. സ്വന്തമായി ട്രെയിനുകൾ നിർമ്മിക്കാൻ നിരവധി വെല്ലുവിളികളുണ്ട്. എന്നിരുന്നാലും റെയിൽവേ എൻജിനീയർമാർ കഴിവിന്റെ പരമാവധി അതിനായി ശ്രമിക്കുന്നുണ്ടെന്നും വരും വർഷങ്ങളിൽ വന്ദേ ഭാരത് ട്രെയിനുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അശ്വിനി വൈഷ്ണവ് പറഞ്ഞു.

രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 82 ആയി ഉയർന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ന്യൂഡൽഹി-മുംബൈ, ന്യൂഡൽഹി-ഹൗറ റൂട്ടുകളിൽ ട്രെയിനിന്റെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രെയിനുകളുടെ പ്രവർത്തന സാധ്യത, ട്രാഫിക്, ആവശ്യമായ അസംസ്‌കൃത ഘടകങ്ങളുടെ ലഭ്യത എന്നിവയ്ക്ക് അനുസരിച്ചാകും വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments