ആലപ്പുഴ: രാജ്യത്ത് യാതൊരു ഗ്യാരണ്ടിയുമില്ലാത്ത വസ്തുവാണ് നരേന്ദ്ര മോദിയെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി. ആസൂത്രിതമായ അപര വിദ്വോഷ പ്രചാരണങ്ങളിലൂടെ ന്യുനപക്ഷങ്ങളെ അടിച്ചമർത്തുകയാണ്. ഇതിനെതിരെ പൊതുസമൂഹം മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വംശീയ കർസേവക്കെതിരെ ജമാഅത്തെ ഇസ്‍ലാമി കായംകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നവർക്കും കോർപറേറ്റുകൾക്കും മാത്രം ഗ്യാരണ്ടി നൽകുന്ന ആളായി രാജ്യത്തിൻ്റെ പ്രധാനമന്ത്രി മാറി. ഭരണ സംവിധാനങ്ങളുടെ സകല ഏജൻസികളെയും വംശീയ വേട്ടക്കായി തിരിച്ചു വച്ചിരിക്കുകയാണ്. ഈ ഭീകരാവസ്ഥ കണ്ടിട്ടും മൗനത്തിലായ സമൂഹമാണ് കൂടുതൽ അസ്വസ്ഥത പകരുന്നതെന്നും അബ്ദുൽ ഹക്കീം നദ്‍വി പറഞ്ഞു.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ സംഘ് പരിവാർ വേട്ടക്കെതിരെ ഉറച്ച നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വെൽഫയർ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ കെ.എ ഷഫീഖ് പറഞ്ഞു. രാജ്യത്തിൻ്റെ ഭാവി വച്ച് നടത്തുന്ന കപട രാഷട്രീയക്കളി നിർത്തി ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി ഏരിയ പ്രസിഡൻ്റ് വൈ ഇർഷാദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെ.കെ ബാബുരാജ്, ദേശീയ മുസ് ലിം വ്യക്തിനിയമ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ ഖാസിമി, കെ. ജലാലുദ്ദീൻ മൗലവി , എസ്. മുജീബ് റഹ് മാൻ എന്നിവർ സംസാരിച്ചു.പ്രതിഷേധ സംഗമത്തിൻ്റെ ഭാഗമായി നഗരം ചുറ്റി നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു.