വ്യാജ മരണം പ്രചരിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പൂനം പാണ്ഡെക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്

ക്യാന്‍സറിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനെന്ന പേരില്‍ വ്യാജ മരണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ബോളിവുഡ് നടി പൂനം പാണ്ഡെക്കും ഭർത്താവിനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്. സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് സ്വന്തം മരണം വാര്‍ത്തയാക്കിയതിന് സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് നിയമ പ്രശ്‌നവും വരുന്നത്. സമൂഹ മാധ്യമങ്ങളില്‍ നടിക്കെതിരായ ട്രോളിംഗ് ഇനിയും ശമിച്ചിട്ടില്ല.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ പോലീസ് കമ്മീഷണര്‍ക്ക് ഫൈസാന്‍ അന്‍സാരിയാണ് പരാതി നല്‍കിയത്. നടിക്കും ഭര്‍ത്താവിനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. ദമ്പതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും കാണ്‍പൂര്‍ കോടതിയില്‍ ഹാജരാക്കാനും പരാതിക്കാരന്‍ അഭ്യര്‍ഥിച്ചു.


പൂനം പാണ്ഡെയും ഭര്‍ത്താവ് സാം ബോംബെയും ചേര്‍ന്ന് നടിയുടെ മരണം വ്യാജമായി പ്രചരിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. അതോടൊപ്പം ക്യാന്‍സര്‍ പോലൊരു രോഗത്തെ ദുരുപയോഗം ചെയ്തുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പൂനം പാണ്ഡെ ഈ ഗെയിം സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി സൃഷ്ടിച്ചുവെന്നും കോടിക്കണക്കിന് ഇന്ത്യക്കാരുടെയും മുഴുവന്‍ ബോളിവുഡ് ഇന്‍ഡസ്ട്രിയുടെയും വിശ്വാസമാണ് തകര്‍ത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.


32 വയസ്സായ നടി ഫെബ്രുവരി രണ്ടിന് സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചുവെന്നാണ് പൂനം പാണ്ഡെയുടെ ടീം അവകാശപ്പെട്ടിരുന്നത്. ഇന്നത്തെ പ്രഭാതം ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ അഗാധമായ ദുഃഖമുണ്ട് – എന്നായിരുന്നു സന്ദേശം.


അനുശോചനം പ്രവഹിക്കാന്‍ തുടങ്ങിയതോടെ ഈ വാര്‍ത്ത രാജ്യത്ത് ട്രെന്‍ഡിംഗായി. തുടര്‍ന്ന് ശനിയാഴ്ച നടി തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഇതൊരു സ്റ്റണ്ട് ആണെന്നും താന്‍ ജീവിച്ചിരിപ്പുണ്ടെന്നും വീഡിയോയില്‍ വെളിപ്പെടുത്തിയത്. ഇതിലൂടെ സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് താന്‍ ആഗ്രഹിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments