
വീണ്ടും അവസരം തുലച്ച് സഞ്ജു സാംസൺ; ഓപ്പണർ ആക്കിയിട്ടും രക്ഷയില്ല; അർധസെഞ്ച്വറി നേടി ഋഷഭ് പന്ത് ആദ്യ ഇലവനിലേക്കോ?
ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ ഏകസന്നാഹ മല്‍സരത്തില്‍ സഞ്ജു സംസണ് ലഭിച്ചത് സുവർണാവസരം. ടീമിൽ ഇടം നേടുമോ എന്ന് സംശയിച്ചു നിന്നപ്പോൾ ഓപ്പണിങിലേക്കു പ്രൊമോഷന്‍. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഓപ്പണറായി ക്രീസിലെത്തിയപ്പോള്‍ അതു വലിയ സര്‍പ്രൈസ് ആയിരുന്നു.
എന്നിട്ടും അവസരം മുതലാക്കാനാവാതെ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ആറു ബോളുകള്‍ നേരിട്ട താരത്തിനു നേടാനായത് ഒരേയൊരു റണ്‍സ് മാത്രം. മികച്ചൊരു ഇന്നിങ്‌സുമായി ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു അവകാശവാദം ഉന്നയിക്കാനുള്ള അവസരം കൂടിയാണ് സഞ്ജു നഷ്ടപ്പെടുത്തിയത്.
ഇന്നത്തെ സ്ലോ പിച്ചിൽ ബാറ്റിംഗ് അത്ര എളുപ്പമായിരുന്നില്ല. മികച്ച ചില ഷോട്ടുകള്‍ സഞ്ജു കളിച്ചെങ്കിലും അവയെല്ലാം ഫീല്‍ഡര്‍മാരുടെ കൈകളിലേക്കായിരുന്നു. പേസര്‍ ഷൊരിഫുല്‍ ഇസ്ലാം എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ സഞ്ജു പുറത്താവുകയും ചെയ്തു. അമ്പയറുടെ തീരുമാനം സംശയാസ്പദമായിരുന്നു.

എന്നാൽ സന്നാഹ മല്‍സരമായതിനാല്‍ ഡിആര്‍എസ് ഇല്ലാത്തതു കാരണം തീരുമാനം ചോദ്യം ചെയ്യാനുമായില്ല. ഇതോടെ അയര്‍ലാന്‍ഡുമായി ബുധനാഴ്ച നടക്കാനിരിക്കുന്ന ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ സഞ്ജുവിനു ഇടം ലഭിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
സഞ്ജുവിന്റെ ഫ്ലോപ്പ് മാത്രമല്ല ടീമിൽ ഇടം നഷ്ടപ്പെടാൻ കാരണമാകുന്നത്. സഞ്ജു പതറിയ അതെ പിച്ചിൽ വൺഡൗൺ ആയെത്തിയ ഋഷഭ് പന്ത് അടിച്ചു തകർക്കുന്നതാണ് കണ്ടത്. 32 പന്തിൽ 4 വീതം സിക്സറും, ബൗണ്ടറിയും അടക്കം 53 റൺസാണ് പന്ത് അടിച്ചെടുത്തത്. ഇതോടെ താനായിരിക്കും ടീമിൽ ഇടം നേടുക എന്ന് പന്ത് പറയാതെ പറയുന്നുണ്ട്.

സഞ്ജുവിന്റെ പ്രകടനത്തിൽ ആരാധകരും രോഷത്തിലാണ്. ഓപ്പണറുടെ റോള്‍ നല്‍കിയിട്ടും അതു കളഞ്ഞുകുളിച്ചു. ഇനി പ്ലെയിങ് ഇലവനില്‍ അവസരം നല്‍കിയില്ലെന്നു പറഞ്ഞ് ആരും രംഗത്തു വരരുതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ ഇനി ഒരു അവസരം പോലും സഞ്ജു പ്രതീക്ഷിക്കേണ്ടതില്ലന്നും ആരാധകര്‍ തുറന്നടിക്കുന്നു