News

ബോബി ചെമ്മണ്ണൂർ ചൊവ്വാഴ്ചവരെ ജയിലിൽ; കേസിന് എന്ത് അടിയന്തര പ്രാധാന്യമെന്ന് കോടതി!

കൊച്ചി: പരസ്യമായി നിരന്തരം അപമാനിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസിന് എന്ത് അടിയന്തര പ്രാധാന്യമാണുള്ളതെന്ന് ചോദിച്ച ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഇതൊരു സാധാരണ കേസ് മാത്രമാണെന്നും ഒരു പ്രത്യേക പരിഗണനയും ഇല്ലെന്നും വാക്കാൽ പറഞ്ഞു.

പൊതുസമൂഹത്തിൽ കമന്റ് നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് പ്രതിഭാഗത്തോട് കോടതി പറഞ്ഞു. ഇനി മുതൽ ശ്രദ്ധിച്ചോളാമെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. രാമൻപിള്ളയുടെ മറുപടി. കമന്റ് നടത്താതെ ഹർജിക്കാരൻ ചൊവ്വാഴ്ച വരെ ജയിലിൽ സുരക്ഷിതനായിരിക്കുമെന്നും പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിവച്ചത്. എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. തെളിവുകൾ ഹാജരാക്കിയെങ്കിലും മജിസ്‌ട്രേറ്റ് അതൊന്നും പരിഗണിച്ചില്ലെന്ന് ബോബിയുടെ അഭിഭാഷകൻ വാദിച്ചു. അതിനിടെ, പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ബോബി ചെമ്മണ്ണൂർ ജാമ്യഹർജിയിൽ വ്യക്തമാക്കി.

നടി ഹണി റോസിന്റെ പരാതിയിൽ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതോടെ മേൽക്കോടതിയെ സമീപിക്കാൻ പോലും സാഹചര്യമില്ലാതെ ബോബി ചെമ്മണൂരിന് ആദ്യ ദിനം കാക്കനാട് ജയിലിൽ കഴിയേണ്ടി വന്നു.

5 റിമാന്റ് പ്രതികൾ കൂടിയുള്ള എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി കഴിഞ്ഞത്. എല്ലാവരും സമീപ ദിവസങ്ങളിൽ എത്തിയവരാണ്. പകൽ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാൽ ജയിലിൽ കരുതിയിരുന്ന ചോറും ചപ്പാത്തിയും കറിയും കഴിച്ചു. വസ്ത്രം മാറി പുതിയത് ധരിച്ചു. മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *