Kerala

12 ടൺ വരെ കൈകാര്യം ചെയ്യാൻ സാധിക്കും; ക്രെയിനുകൾ സ്വന്തമായി നിർമ്മിക്കാനൊരുങ്ങി കേരളം

കൊച്ചി: നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്ത് ലോഡിങ്, അൺലോഡിങ് ക്രെയിനുകൾ നിർമിക്കുന്ന വാർത്ത പങ്കുവെച്ച് മന്ത്രി പി രാജീവ്. ഹെവി മെഷിനറി മേഖലയിലും കേരളത്തിന്‍റെ മുദ്രപതിപ്പിച്ചുകൊണ്ട് ഖത്തറിലെ സീഷോർ കമ്പനിയുടെ സാങ്കേതിക വിദ്യയുപയോഗിച്ച് പൂർണ്ണമായും കേരളത്തിൽ നിർമ്മിച്ച സാറ്റോ ക്രെയിൻ മെഷിനറി എക്സ്പോയിൽ പ്രദർശനത്തിനെത്തിയ വിവരമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്.

ഭാരമേറിയ സാധനങ്ങൾ ലോഡ് ചെയ്യുന്നതിനും അൺലോഡ് ചെയ്യുന്നതിനും ഉപയോഗിക്കാൻ കഴിയുന്ന ട്രക്കുകളാണിത്. ട്രക്കിൽ നിലയുറപ്പിച്ച് 360°യിൽ ചലിപ്പിക്കാനാകുന്ന ഈ ക്രെയിനുകളിൽ മൂന്നുമുതൽ 12 വരെ ടൺ വരെ കൈകാര്യം ചെയ്യാൻ സാധിക്കും. സാറ്റോ ക്രെയിനുകൾ എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഔപചാരികമായ പ്രവർത്തനോദ്ഘാടനം അടുത്തമാസമാണ് നടക്കുന്നത്.

മെഷിനറി എക്സ്പോയിൽ വേസ്റ്റ് ടു ക്ളീൻ യന്ത്രവുമായി വാളകം ട്രാവൻകൂർ ഇൻഡസ്ട്രിയൽ സൊല്യൂഷൻസും ശ്രദ്ധ നേടുന്നുണ്ട്. ഭക്ഷ്യാവശിഷ്ടങ്ങൾ നൂറുശതമാനം മാലിന്യമുക്തമായി സംസ്കരിച്ച് കമ്പോസ്റ്റാക്കി മാറ്റുന്നതാണ് മൂവാറ്റുപുഴ വാളകത്തെ ട്രാവൻകൂർ ഇൻഡസ്ട്രിയൽ സൊല്യൂഷൻസിന്‍റെ വേസ്റ്റ് ടു ക്ളീൻ യന്ത്രം.

24 മണിക്കൂർ കൊണ്ട് 100 കിലോഗ്രാം ജൈവ, ഭക്ഷ്യ അവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാറ്റാനാകും. മെഷീനറി എക്സ്പോയുടെ ആറാംപതിപ്പിൽ അവതരിപ്പിക്കാൻ ഒരുക്കിയതാണ് വേസ്റ്റ് ടു ക്ളീൻ. നികുതിക്ക് പുറമെ ആറു ലക്ഷം രൂപയാണിതിന്‍റെ വില.

ട്രാവൻകൂർ ഇൻഡസ്ട്രിയൽ സൊല്യൂഷൻസിന്‍റെ ടെലിസ്കോപ്പിക് കൺവേയറും എക്സ്പോയിലെ ശ്രദ്ധേയ യന്ത്രമാണ്. 20 അടി കണ്ടെയ്‌നറിൽ ലോഡിങ് നടത്താനും അരിക്കമ്പനികളിൽ 24 അടിവരെ ഉയരത്തിൽ അരി, നെല്ല് ചാക്കുകൾ എത്തിക്കാനും സഹായകമായ ടെലിസ്കോപ്പിക് കൺവേയർ. 450 ചാക്ക് വരെ വളരെ എളുപ്പത്തിൽ ഉയരത്തിലേക്ക് എത്തിക്കാനാകും. മനുഷ്യ അധ്വാനം കഴിയുന്നത്ര കുറയ്ക്കാനും സമയം ലഭിക്കാനും യന്ത്രം സഹായകം. ശേഷിക്കനുസൃതമായ നികുതിക്കുപുറമെ 12 ലക്ഷം മുതലാണ് വില.

Leave a Reply

Your email address will not be published. Required fields are marked *