
സ്വർണവില ഇന്നും കൂടി! പവന് പണിക്കൂലിയും ചേർത്താല്‍ 72,000
കൊച്ചി: സ്വർണവിലയിൽ ഇന്ന് റെക്കോർഡ് കുതിപ്പ്. കേരളത്തിൽ ഗ്രാമിന് 20 രൂപ ഉയർന്ന് വില 8,310 രൂപയായി. വില 8,300 രൂപ കടക്കുന്നത് ചരിത്രത്തിലാദ്യം. 66,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 160 രൂപയാണ് വർധിച്ചത്. ഇന്നലെ റെക്കോർഡിട്ട വിലക്കയറ്റത്തിനാണ് ഇന്ന് വീണ്ടും കയറ്റമുണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഇന്നു ചില ജ്വല്ലറികളിൽ 15 രൂപ വർധിച്ച് 6,855 രൂപയെന്ന റെക്കോർഡിലെത്തിയപ്പോൾ മറ്റു ചില കടകളിൽ 15 രൂപ തന്നെ ഉയർന്ന് 6,825 രൂപയാണ് വില.
പണിക്കൂലിയും ചേർത്ത് 72000
അഞ്ച് ശതമാനം മുതല്‍ 10 ശതമാനംവരെയാണ് സാധാരണ നിലയില്‍ വ്യാപാരികള്‍ പണിക്കൂലി ഈടാക്കാറുള്ളത്. 30 ശതമാനം വരെ ഈടാക്കുന്ന ജ്വല്ലറികളുമുണ്ട്. ഇതുകൂടാതെ 3 ശതമാനമാണ് ജിഎസ്ടി. 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന 53.10 രൂപ ഹോൾമാർക്ക് ചാർജ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായി 5 ശതമാനം കണക്കാക്കിയാല്‍ ഒരു പവൻ സ്വർണം വാങ്ങാൻ 71,953 രൂപ ചെലവാകും. . ഒരു ഗ്രാം സ്വർണാഭരണത്തിന് 8,994 രൂപയും
ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 114 രൂപയും കിലോഗ്രാമിന് 1,14,000 രൂപയുമാണ് വില.