കേന്ദ്രം പ്രഖ്യാപിച്ച 4 ശതമാനം ഡി.എ 7 മാസമായി കേരളം തടഞ്ഞ് വെച്ചതാണ് ഐ.എ.എസുകാരെ പ്രകോപിപ്പിച്ചത്
തിരുവനന്തപുരം: ഡി.എ കുടിശിക ലഭിക്കണമെന്ന് ഐ.എ.എസ് അസോസിയേഷൻ. 2023 ജൂലൈയിൽ ഡി.എ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും കേന്ദ്ര നിരക്കിൽ ഡി.എ ഐ.എ.എസ് ഉദ്യോഗസ്ഥർ അടക്കമുള്ള ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് അനുവദിച്ചിരുന്നു. കേരളത്തിൽ മാത്രമാണ് ഡി.എ തടഞ്ഞ് വെച്ചിരിക്കുന്നത് എന്ന് ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിൽ ഐ.എ.എസ് അസോസിയേഷൻ ചൂണ്ടികാണിക്കുന്നു. കത്തിൻ്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നൽകിയിട്ടുണ്ട്.
7 മാസമായിട്ടും കേന്ദ്രം പ്രഖ്യാപിച്ച ഡി.എ സംസ്ഥാനം നൽകാത്തതാണ് ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്. വിലകയറ്റം മൂലം ജീവിക്കാൻ ബുദ്ധിമുട്ടാണെന്നും ഡി.എ ഉടൻ അനുവദിക്കണമെന്നും അസോസിയേഷൻ സെക്രട്ടറി രാജമാണിക്യം എഴുതിയ കത്തിൽ പറയുന്നു.
ചീഫ് സെക്രട്ടറി ഡോ. വേണുവിനോട് ആലോചിച്ചിട്ടാണ് ഐ.എ.എസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് കേരളത്തിൻ്റെ പരാതി സുപ്രീം കോടതിയിൽ സമർപ്പിച്ച ചീഫ് സെക്രട്ടറി തന്നെയാണ് ഡി.എ വേണമെന്ന ആവശ്യത്തിന് കൂട്ടുനില്‍ക്കുന്നു എന്ന വിമർശനവും ശക്തമാണ്.
4 ശതമാനം ഡി.എ കുടിശിക മാത്രമാണ് ഐ.എ.എസുകാർക്ക് ഉള്ളത്. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 21 ശതമാനം ഡി.എ കുടിശികയാണ്. 3 വർഷമായി ഡി.എ കിട്ടിയിട്ട്. ബാലഗോപാൽ ഫൊബ്രുവരി 5 ന് അവതരിപ്പിച്ച ബജറ്റിൽ 2 ശതമാനം ഡി. എ ഏപ്രിൽ മാസത്തെ ശമ്പളത്തിൽ നൽകും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പിന്നെയും 19 ശതമാനം ഡി.എ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുണ്ട്. ഉന്നത ശമ്പളം വാങ്ങുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വിലകയറ്റം കൊണ്ട് ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ 3 വർഷമായി ഡി.എ കിട്ടാത്ത സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും എങ്ങനെ ജീവിക്കുന്നു എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
1600 രൂപയുടെ തുച്ഛമായ ക്ഷേമ പെൻഷൻ 6 മാസമായി കൊടുക്കുന്നില്ല. വിലകയറ്റം കൊണ്ട് പൊറുതി മുട്ടി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത ഐ.എ.എസുകാർക്ക് ഡി.എ ഉടൻ കൊടുക്കണമെന്ന് മുഖ്യമന്ത്രി ബാലഗോപാലിന് നിർദ്ദേശം നൽകി കഴിഞ്ഞു. ധനവകുപ്പിൽ നിന്ന് ഐ.എ.എസുകാരുടെ ഡി.എ അനുവദിക്കൽ ഉത്തരവ് ഉടൻ പുറത്തിറങ്ങും എന്നാണ് ലഭിക്കുന്ന സൂചന.
5 ലക്ഷം രൂപ പ്രതിമാസ ശമ്പളം ലഭിക്കുന്ന ചീഫ് സെക്രട്ടറിക്കും 2 ലക്ഷം മുതൽ 4.50 ലക്ഷം രൂപ വരെ പ്രതിമാസ ശമ്പളം കിട്ടുന്ന മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥർക്കും ജീവിതം സന്തോഷകരമാക്കാൻ പുതിയ ഡി എ പ്രഖ്യാപനത്തിലൂടെ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി.
ഡി.എ കുടിശിക ആവശ്യപ്പെട്ട് ഐ എ എസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയ വിവരം ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ.പി സായ് കിരൺ ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഐ.പി.എസ് അസോസിഷനും ഐ.എഫ്.എസ് അസോസിയേഷനും ഡി.എ കുടിശിക ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നാളെ കത്ത് നൽകും.