മാനന്തവാടിയിലെ കാട്ടാന ആക്രമണം ; ഉദ്യോ​ഗസ്ഥരുടെ അനാസ്ഥ ഇനിയും തുടരാനാവില്ല ; പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ

മാനന്തവാടി : കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് മരിച്ച സംഭവത്തിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ . കളക്ട്രേറ്റ് ഓഫീസനും പൊതു നിരത്തുകളിലും സമരം തുടരുന്നു . നൂറുകണക്കിന് ജനങ്ങള്‍ മാനന്തവാടി ഗാന്ധി പ്രതിമക്ക് സമീപം തമ്പടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. രാവിലെ പത്ത് മണിയോടെ തുടങ്ങിയ പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. ഇതിനിടെ അജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നഗരത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

ഇതോടെ പ്രതിഷേധത്തിന്റെ മറ്റൊരു രൂപം അധികൃതര്‍ കാണുകയായിരുന്നു. ഇതിനിടയിലേക്കാണ് നിരവധി പോലീസുകാരുടെ അകമ്പടിയോടെ ജില്ല പോലീസ് മേധാവി സ്ഥലത്തെത്തിയത്. എന്നാല്‍ വാഹനത്തില്‍ ആശുപത്രിയിലേക്ക് പോകാന്‍ ഇദ്ദേഹത്തെ സമരക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവരുമായി സംസാരിക്കാന്‍ എസ്.പി. ശ്രമിച്ചെങ്കിലും സമരക്കാര്‍ സമ്മതിച്ചില്ല.

ജില്ല പൊലീസ് മേധാവിക്ക് ആശുപത്രിയിലേക്ക് പോകാന്‍ കഴിയാതെ ഇവിടെ തന്നെ ഏറെ നേരം നിലയുറപ്പിക്കേണ്ടിവന്നു. പിന്നീട് എത്തിയ ജില്ലാ കലക്ടര്‍ രേണുരാജിന് പ്രതിഷേധക്കാരുടെ ഗോ ബാക് വിളികളാണ് കേള്‍ക്കേണ്ടിവന്നത്. പ്രതിഷേധം കനത്തുകൊണ്ടിരിക്കെ പൊലീസുകാര്‍ക്കിടയില്‍ ഒരക്ഷരം മിണ്ടാന്‍ പോലുമാവാതെ കലക്ടര്‍ ഏറെ നേരം നില്‍ക്കുന്നത് കാണാമായിരുന്നു. വനംവകുപ്പിന്റെ ഉന്നത അധികാരികള്‍ സ്ഥലത്തെത്തണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവിയെയും കലക്ടറെയും കടത്തിവിടില്ലെന്നുമായിരുന്നു ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്.

പ്രതിഷേധം തണുപ്പിക്കാന്‍ കഴിയില്ലെന്ന് ആയതോടെ ജില്ല കലക്ടറെ പൊലീസ് ബന്തവസ്സോടെ തന്നെ സ്ഥലത്തുനിന്ന് മാറ്റി. ഇതിനിടെ വനമന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവന എത്തി. ആനയെ മയക്കു വെടിവെക്കാനുള്ള ഒരുക്കം തുടങ്ങിയെന്നും രണ്ടു മണിക്കൂറിനുള്ളില്‍ ഇതിനായുള്ള അനുമതി ലഭിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. ഇക്കാര്യം ഇതറിഞ്ഞിട്ടും ജനങ്ങള്‍ പിന്മാറാതെ പ്രതിഷേധത്തില്‍ തന്നെയാണ്. ഏറ്റവുമൊടുവില്‍ ആനയെ വെടിവെച്ച് കൊല്ലണമെന്നും ഇതിനായുള്ള ഉത്തരവ് ജില്ലകലക്ടര്‍ പുറപ്പെടുവിക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments