വയനാട്: പടമലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ട്രാക്ടർ ഡ്രൈവറായ ചാലിഗദ്ദ പടമല പനച്ചിയിൽ അജീഷ് കുമാർ (അജി)യാണ് കൊല്ലപ്പെട്ടത്.
പുല്ലരിയാൻ പോയപ്പോൾ ആനയുടെ മുന്നിലകപ്പെട്ടതായാണ് വിവരം. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന മതില് പൊളിച്ച് അകത്തുകടന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കർണാടക റേഡിയോ കോളർ പിടിപ്പിച്ച മോഴ ആനയാണ് കാടിറങ്ങി ആക്രണം നടത്തിയത്. മാസങ്ങൾക്ക് മുമ്പ് ഈ ആന വയനാട് വന്യജീവി സങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് വനം ഡിവിഷനിലും എത്തിയതായി സ്ഥിരീകരിച്ചിരുന്നു.
നോർത്ത് – സൗത്ത് വയനാട് വനം ഡിവിഷനുകൾ അതിരിടുന്ന പ്രദേശമാണ് ചാലിഗദ്ദ. ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ 144 പ്രഖ്യാപിച്ചു. കുറുക്കന്മൂല, പയ്യമ്പള്ളി, കുറുവ, കാടൻകൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞയുള്ളത്.
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇപ്പോൾ അജീഷിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ ജനങ്ങൾ ശക്തമായ പ്രതിഷേധം നടത്തുകയാണ്. ആനയെ വെടിവച്ച് കൊല്ലണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അത്യാഹിത വിഭാഗത്തിൽ നിന്ന് മോർച്ചറിയിലേക്ക് മൃതദേഹം മാറ്റാൻ പോലും പ്രതിഷേധക്കാർ അനുവദിച്ചിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് വയനാട്ടിനെ വിറപ്പിച്ചുകൊണ്ട് മാനന്തവാടി നഗരത്തിൽ തണ്ണീര്‍ കൊമ്പൻ എന്ന കാട്ടാനയിറങ്ങിയത്. ഏറെ പരിശ്രമത്തിനൊടുവിൽ രാത്രിയോടെയാണ് മയക്കുവെടിവച്ച് പിടികൂടാനായത്. പിന്നാലെ എലിഫന്റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം കാട്ടിലേക്ക് തുറന്നുവിടാനുള്ള നീക്കത്തിനിടെ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു.
ഹൃദയാഘാതമാണ് തണ്ണീർക്കൊമ്പന്റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ആനയുടെ ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടത് തുടയിൽ പഴക്കമുള്ള മുറിവുണ്ട്. കാലിലെ പഴുപ്പ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കും പടർന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.