മദ്രസ പൊളിച്ചതിന്റെ പേരില്‍ സംഘര്‍ഷം: ഉത്തരാഖണ്ഡില്‍ നാലു പേര്‍ മരിച്ചു, 250 പേര്‍ക്ക് പരിക്ക്: സ്കൂളുകള്‍ അടച്ചു

ഹല്‍ദ്വാനി: മദ്രസ പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ മരിച്ചു.

വിവിധ പ്രദേശങ്ങളിലായി ഉണ്ടായ സംഘര്‍ഷത്തില്‍ 250 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കാന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

സംഘര്‍ഷം വ്യാപിച്ചതോടെ ഹല്‍ദ്വാനിയിലെ സ്‌കൂളുകള്‍ പൂട്ടുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. പ്രദേശത്ത് അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. കലാപകാരികളെ വെടിവയ്ക്കാന്‍ ഉത്തരവിട്ടു.

കോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച മദ്രസ പൊളിച്ചത്. ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷന് സമീപം അനധികൃതമായാണ് മദ്രസയും പള്ളിയും നിര്‍മിച്ചത് എന്നായിരുന്നു കണ്ടെത്തല്‍. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് മദ്രസ പൊളിച്ചത്. ഇത് തടയാന്‍ ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു.

പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ 50ലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്രസ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റുന്നതിനിടെയാണ് ജനക്കൂട്ടം ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതോടെ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പിന്നാലെയാണ് പ്രദേശത്ത് ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. റോഡുകള്‍ ബാരിക്കേഡ് സ്ഥാപിച്ച് അടക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അടിയന്തര യോഗം വിളിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പൊളിക്കല്‍ നടപടിയെന്നും ധാമി പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments