ദോഹ: ആദ്യാവസാനം നെഞ്ചിടിപ്പേറ്റിയ കാൽപന്ത് പോരിൽ ഇറാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ ഖത്തർ ഏഷ്യൻ കപ്പ് ഫൈനലിൽ. അൽ തുമാമ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരവങ്ങൾക്ക് നടുവിൽ പന്തു തട്ടിയ ആതിഥേയർ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്.
സ്റ്റാർട്ടിങ് വിസിൽ മുതൽ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണവുമയി കളം നിറഞ്ഞു. നാലാം മിനിറ്റിൽ സ്‌ട്രൈക്കർ സർദാൻ അസ്മൗനിയുടെ അത്യുഗ്രൻ അക്രോബാറ്റിക് ഷോട്ടിലൂടെയാണ് ഇറാൻ ആദ്യ ഗോൾ നേടിയത്. (1-0). ബോക്‌സിലേക്ക് ്നൽകിയ ലോങ് ത്രോയിൽ നിന്ന് തട്ടിതിരിഞ്ഞുവന്ന പന്ത് ഗോൾകീപ്പറെ നിഷ്പ്രഭമാക്കി പോസ്റ്റിന്റെ വലതു മൂലയിൽ വിശ്രമിച്ചു.
ഗോൾ വീണതോടെ ഉണർന്നുകളിച്ച നിലവിലെ ചാമ്പ്യൻമാർ ഇറാൻ ബോക്‌സിലേക്ക് നിരന്തരം ഇരമ്പിയെത്തി. ഒടുവിൽ 17ാം മിനിറ്റിൽ സമനില പിടിച്ചു. സൂപ്പർതാരം അക്രം അഫിഫിന്റെ അസിസ്റ്റിൽ ജസിം അബ്ദുൽ സലാമാണ് ലക്ഷ്യം കണ്ടത്. (1-1) തുടർന്നും കൗണ്ടർ അറ്റാക്കിലൂടെയും വിംഗുകളിലൂടെയുള്ള നീക്കത്തിലൂടെയും ഇരു ടീമുകളും കുതിച്ചുകയറി. 43ാം മിനിറ്റിൽ വ്യക്തിഗത മികവിൽ അക്രം അഫിഫ് മത്സരത്തിൽ ആദ്യമായി ഖത്തറിനെ മുന്നിലെത്തിച്ചു. ഫത്തേഹിയിൽ നിന്ന് ലഭിച്ച പന്തുമായി ബോക്‌സിലേക്ക് കുതിച്ച യുവതാരം പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് കർവിംഗ് ഷോട്ടിലൂടെ വല ചലിപ്പിച്ചു.
ഒരുഗോൾ ആധിപത്യവുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ ഇറാൻ മൂന്നാം മിനിറ്റിൽതന്നെ സമനിലപിടിച്ചു(2-2) കുവൈത്ത് താരത്തിന്റെ ഷോട്ട് പ്രതിരോധ താരത്തിന്റെ കൈയിൽ തട്ടിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ജഹാൻബഷ് അനായാസം പന്ത് വലയിലാക്കി. 82ാം മിനിറ്റിൽ ഖത്തർ വീണ്ടും മുന്നിലെത്തി. അൽമോയിസ് അലിയുടെ അത്യുഗ്രൻ ഷോട്ട് തട്ടിയകറ്റുന്നതിൽ ഇറാൻഗോൾകീപ്പർക്ക് പിഴച്ചു.(3-2).
മത്സരത്തിൽ 13 മിനിറ്റാണ് ഇഞ്ചുറി സമയം അനുവദിച്ചത്. അവസാന മിനിറ്റ് ഡ്രമയ്ക്കായി ഇറാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഭാഗ്യം ഖത്തിന് തുണയായി. ഖത്തർ താരത്തെ അപകടകരമാംവിധം ഫൗൾചെയ്തതിന് 90+3 മിനിറ്റിൽ ഇറാൻ താരം ഷോലി കലിസ്ദക്ക് ചുവപ്പ് കർഡ് ലഭിച്ചു. ഇഞ്ചുറി സമയത്തെ അവസന സെക്കന്റിൽ ഇറാൻ താരത്തിന്റെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി പുറത്തുപോയത് അവിശ്വസിനീയമായി. ഒടുവിൽ തുടർച്ചയായി രണ്ടാം ഫൈനലിലേക്ക് ഖത്തർ മാർച്ച് ചെയ്തു. 1976ന് ശേഷം കിരീടം നേടാനാവാത്ത ഇറാന് ഇത്തവണയും തലതാഴ്ത്തി മടങ്ങാനായിരുന്നു വിധി