കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഉത്തരവില്ലാതെ അധ്യാപക നിയമനം നടന്നതായി പരാതി

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഉത്തരവ് ഇല്ലാതെ അധ്യാപക നിയമനം നടന്നതായി പരാതി. പി. ബാലകൃഷ്ണൻ എന്ന അധ്യാപകനാണ് നിയമന ഉത്തരവ് ഇല്ലാതെ ജ്യോഗ്രഫി വകുപ്പിൽ ജോലിക്ക് പ്രവേശിച്ചത്. നിയമോപദേശം തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി.

മുൻ വൈസ് ചാന്‍സലര്‍ ഡോ:ഗോപിനാഥ് രവീന്ദ്രൻ സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ദിവസമാണ് ജോലിക്കായുള്ള അഭിമുഖം നടന്നതും ബാലകൃഷ്ണനെ തെരഞ്ഞെടുത്തതും. തുടർന്ന് സിൻഡിക്കേറ്റ് തീരുമാനം അംഗീകരിച്ചതോടെ കഴിഞ്ഞ ഡിസംബർ 24ന് ബാലകൃഷ്ണൻ ജോലിക്ക് കയറി. എന്നാൽ വിവരാവകാശ നിയമപ്രകാരം നിയമന ഉത്തരവിന്‍റെ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ അങ്ങനെ ഒരു ഉത്തരവ് ഇറക്കിയിട്ടില്ല എന്ന് സർവ്വകലാശാല വ്യക്തമാക്കുന്നു. നിയമനം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇത് സംബന്ധിച്ച ഫയൽ പുതിയ വിസി ഡോ. ബിജോയ് നന്ദൻ്റെ മുന്നിലെത്തിയിരുന്നു. ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ നിയമോപദേശം തേടിയ ശേഷം തുടർനടപടി സ്വീകരിക്കാം എന്ന് വൈസ് ചാൻസലർ പറയുന്നു. വി സി യുടെ അറിവില്ലാതെ രജിസ്ട്രാറുടെ മാത്രം നിർദേശപ്രകാരം നിയമനം നടന്നു എന്നതാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍റെ ആരോപണം.

എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് രജിസ്ട്രാറുടെ വാദം. മെമ്മോ സ്വീകരിച്ച് ബാലകൃഷ്ണൻ ജോലിക്ക് കയറിയതിനു ശേഷം നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ കേസ് വന്നു. ഇതുമൂലം ആണ് വിസി നിയമോപദേശം തേടിയതെന്നും നിയമന ഉത്തരവ് ഇറക്കാത്തതെന്നുമാണ് രജിസ്ട്രാർ വിശദീകരിക്കുന്നു. വിവാദത്തിൽ രജിസ്ട്രാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബാലകൃഷ്ണനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും കണ്ണൂർ വിസി ക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ നിവേദനം നൽകിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments