KeralaNews

മന്ത്രിയുമായി എം.ഡിക്ക് അഭിപ്രായ ഭിന്നത; സ്ഥാനമാറ്റം ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ഐ.എ.എസ്

തിരുവനന്തപുരം: ഗാതഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥാനമാറ്റം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍. ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കി. കെ.ബി. ഗണേഷ് കുമാറിന് കീഴില്‍ നിയമനം വേണ്ടെന്നാണ് ആവശ്യം. ഗതാഗത സെക്രട്ടറി സ്ഥാനം ഒഴിയാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സ്ഥാനമൊഴിയാനുള്ള നീക്കമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

ആന്റണി രാജുവിന്റെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെ.ബി. ഗണേഷ് കുമാര്‍ എത്തിയപ്പോള്‍ മുതല്‍ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. എങ്കിലും അദ്ദേഹം എം.ഡി സ്ഥാനത്തു തുടരുകയായിരുന്നു.

ഇത്തരം വിഷയങ്ങളില്‍ ഗണേഷ് കുമാര്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ തന്നെയും മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതല്‍ ഉണ്ടായിരുന്നത്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് കുമാര്‍ സ്വീകരിച്ച നിലപാട് ഭിന്നത രൂക്ഷമാക്കി.

വിദേശ സന്ദര്‍ശനത്തിലായിരുന്ന ബിജു പ്രഭാകര്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ് എം.ഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *