ഒരുചോദ്യത്തിനുപോലും മറുപടിയില്ലാതെ കെ.ബി. ഗണേഷ് കുമാര്‍; സ്പീക്കര്‍ക്ക് അതൃപ്തി

തിരുവനന്തപുരം: നിയമസഭ ചോദ്യങ്ങൾക്ക് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് മറുപടിയില്ല.

ഈ മാസം 2 ന് മറുപടി നൽകേണ്ട നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിൽ ഒരെണ്ണത്തിന് പോലും കെ.ബി. ഗണേശ് കുമാർ മറുപടി നൽകിയില്ല. നിയമസഭ ചോദ്യങ്ങൾക്ക് തലേദിവസം വൈകുന്നേരം 5 മണിക്ക് മുമ്പ് നൽകണമെന്നാണ് ചട്ടം.

88 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാണ് ഭരണ പ്രതിപക്ഷ എം എൽ എ മാർ ഗണേശ് കുമാറിനോട് ഉന്നയിച്ചത്. കെ എസ് ആർ ടി സിയുടെ സിറ്റി സർക്കുലർ ബസ്, താൽക്കാലിക നിയമനങ്ങൾ,

കേരളീയം, നവകേരള പരിപാടികൾക്കായി സ്പോൺസർഷിപ്പ് നൽകിയ സ്ഥാപനങ്ങൾ, എ ഐ ക്യാമറ തുടങ്ങിയ ചോദ്യങ്ങൾ അടക്കം എം എൽ എ മാരുടെ മണ്ഡലങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ സംബന്ധിച്ച ചോദ്യങ്ങളും ഗതാഗതമന്ത്രിയോട് ഉന്നയിച്ചിരുന്നു.

മുൻ ഗതാഗത മന്ത്രി ആൻ്റണി രാജു കൃത്യമായി നിയമസഭ മറുപടികൾ നൽകുമായിരുന്നു. ഒരു ചോദ്യത്തിന് പോലും മറുപടി തരാത്ത ഗണേശിൻ്റെ നടപടിയിൽ സ്പീക്കർ എ എൻ അസംതൃപ്തനാണ്. നിയമസഭയോടുള്ള അനാദരവ് ആണ് ഗണേശിൻ്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന അഭിപ്രായമാണ് ഉയരുന്നത്. |

പേഴ്സണൽ സ്റ്റാഫംഗങ്ങളെ പരമാവധി കുറയ്ക്കുമെന്ന് പറഞ്ഞ ​ഗണേഷ് 20 പേരെയാണ് നിയമിച്ചിരിക്കുന്നത്. 25 പേഴ്സണൽ സ്റ്റാഫുകളെ മന്ത്രിമാർക്ക് നിയമിക്കാം. 5 പേരെ കൂടി ഗണേഷ് ഉടൻ നിയമിക്കും എന്നാണ് വിവരം. മന്ത്രിയായി ചാർജെടുക്കുമ്പോഴാണ് പേഴ്സണൽ സ്റ്റാഫിൻ്റെ എണ്ണം കുറയ്ക്കും എന്ന് ​ഗണേഷ് കുമാർ പറഞ്ഞത്.

അതേ മന്ത്രി തന്നെ കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി എന്നതാണ് വിരോധാഭാസം. സുവോളജിയിൽ സെലക്ഷൻ ഗ്രേഡ് അധ്യാപകനാണ് ആർ. രഞ്ജിത്. പരിചയസമ്പന്നനായ അധ്യാപകൻ എന്ന് വ്യക്തം.

സ്കൂളുകളിൽ അധ്യാപകരുടെ കുറവിനെ പറ്റി വിലപിക്കുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാകട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. കൊടിയേരി ബാലകൃഷ്ണൻ്റെ പി.എ ആയിരുന്ന എ.പി രാജീവനേയും ഗണേശ് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തസ്തികയിലാണ് നിയമിച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments