മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏക എതിരാളിയായ ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലി രഹസ്യ സേവന സുരക്ഷ ആവശ്യപ്പെട്ടതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിക്കി സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മുൻ സൗത്ത് കരോളിന ഗവർണറും യു എൻ അംബാസഡറുമായ നിക്കി ഒരു അഭിമുഖത്തിൽ സംരക്ഷണം ആവശ്യപ്പെട്ടതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു.
” ഞങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാൻ എന്താണോ ചെയ്യേണ്ടത്, അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇതിനൊന്നും ആകില്ല, ” എന്നും സൗത്ത് കരോളിനയിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിക്ക് ശേഷം നിക്കി വ്യക്തമാക്കിയിരുന്നു. ഇതുപോലെ എന്തെങ്കിലും ചെയ്യുമ്പോൾ ഭീഷണി ഉണ്ടാകും. അത് യാഥാർത്ഥ്യമാണ്. പക്ഷേ ഭീഷണികൾക്ക് തന്നെ തടയാനാകില്ലെന്നും നിക്കി മാധ്യമങ്ങളോട് വ്യക്തമാക്കി.
നിലവിൽ വ്യക്തിഗത സുരക്ഷ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിക്കി ഹേലി പങ്കെടുക്കുന്നത്. ഇസ്രായേലിനും യുക്രെയിനുമുള്ള നിക്കി ഹേലിയുടെ പിന്തുണയ്ക്കും, പ്രചാരണ പരിപാടികളിലൂടനീളം പ്രതിഷേധം നേരിടേണ്ടി വരുന്നു. രഹസ്യ സേവന സംരക്ഷണം എന്നതിൽ അന്തിമ തീരുമാനം യു.എസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടേതായിരിക്കും.