ബൈജൂസിന്റെ മുഖമായി ഇനി മെസിയുമുണ്ടാകില്ല

മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ ആഗോള ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് ഇനി ഫുട്‌ബോൾ താരം ലയണൽ മെസി ഉണ്ടാവില്ല. മെസിയുമായുള്ള മൂന്ന് വർഷത്തെ കരാർ ബൈജൂസ് അവസാനിപ്പിയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.

2022 നവംബറിലാണ് ‘എല്ലാവർക്കും വിദ്യാഭ്യാസം’ എന്ന കാമ്പെയിനിനായി മെസിയുമായി മൂന്ന് വർഷത്തെ കരാർ ഒപ്പു വച്ചത്. പ്രതിവർഷം 50-70 ലക്ഷം ഡോളറിനായിരുന്നു (ഏകദേശം 4,000-5,000 കോടി രൂപ) കരാർ. ബൈജൂസിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി മെസി കഴിഞ്ഞ വർഷം ജനുവരിയിൽ ഇൻസ്റ്റഗ്രാം പേജിൽ കുറിപ്പുമിട്ടിരുന്നു.

നിലവിൽ ഒരു വർഷത്തെ പണം മെസിക്ക് നൽകിയിട്ടുണ്ട്. ഇനിയുള്ള കരാർ തുടരുമോ അതോ ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുമോ എന്നതിനെ കുറിച്ച് കമ്പനി തീരുമാനമെടുത്തേക്കാം. സിനിമാ താരം ഷാരൂഖ് ഖാനുമായുള്ള കരാറും കഴിഞ്ഞ വർഷം കമ്പനി വേണ്ടെന്ന് വച്ചിരുന്നു. ഷാരൂഖ് ഖാന് കരാർ മുമ്പോട്ടു കൊണ്ടുപോകാൻ താത്പര്യമില്ലാത്തതിനാൽ സംയുക്തമായി കരാർ അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.

വിടാതെ പ്രതിസന്ധികൾ

മെസി ബ്രാൻഡ് അംബാസിഡറായി ഒരു മാസം പിന്നിടും മുമ്പെ ബൈജൂസിൽ നിന്ന് 25,000 ഓളം ജീവനക്കാരെ പിരിച്ചുവിട്ടത് വൻ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. നിലവിൽ കഠിനമായ സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്. വായ്പാദാതാക്കൾക്ക് പണം മുടങ്ങിയതും ജീവനക്കാർക്ക് ശമ്പളം നൽകാനാകാത്തതും മുതൽ കണക്കുകളിലെ വീഴ്ചകൾക്ക് വരെ പഴികേട്ടുകൊണ്ടിരിക്കുകയാണ് ബൈജൂസിന്റെ മാനേജ്‌മെന്റ്.
കമ്പനിയുടെ ബോർഡിൽ നിന്ന് സ്ഥാപകൻ ബൈജു രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ മാറി നിൽക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം നിക്ഷേപകർ രംഗത്ത് എത്തിയിട്ടുമുണ്ട്. എന്നാൽ കമ്പനിയെ അട്ടിമറിക്കാൻ ശ്രമം നടത്തുന്ന ചില സ്ഥാപിത താത്പര്യക്കാർക്കെതിരെ പോരാട്ടം നടത്തി വരികയാണ് കമ്പനിയെന്ന് ബൈജു രവീന്ദ്രൻ അടുത്തിടെ ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments