ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ എന്നിവർ പ്രധാന താരങ്ങളായെത്തിയ ‘ഫൈറ്റർ’ വിവാദത്തിൽ. വ്യോമസേന ഉദ്യോഗസ്ഥരായ നായിക-നായകന്മാർ സൈനിക യൂണിഫോമിൽ ചുംബിച്ച രംഗമാണ് സിനിമയെ വിവാദത്തിലെത്തിച്ചിരിക്കുന്നത്. സൈനിക യൂണിഫോമിന്റെ ധീരതയെയും പവിത്രതയെയും അവഹേളിക്കുന്നതാണ് ചുബന രംഗമെന്നാണ് പരാതിയിൽ പറയുന്നത്. അസമിലെ വ്യോമസേന ഓഫീസറായ സൗമ്യ ദീപ് ദാസ് ആണ് പരാതിക്കാരി. വ്യോമസേനയെ അപമാനിച്ചുവെന്നാരോപിച്ചാണ് വ്യോമസേന ഓഫീസർ ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസയച്ചത്.
ഷംഷേർ പത്താനിയ, പ്രഗ്ന്യ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക്-ദീപിക എന്നിവർ അവതരിപ്പിച്ചത്. ജനുവരി 25-ന് റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനാണ് ഫൈറ്ററിന് ലഭിക്കുന്നത്. ഇന്ത്യയിൽ മാത്രം 180 കോടിക്കടുത്താണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഈ വാരം ഫൈറ്റർ 200 കോടി കൊയ്യുമെന്നാണ് റിപ്പോർട്ട്.
മോൺ ചിബ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്നാണ് ഫൈറ്ററിന് തിരക്കഥ ഒരുക്കിയത്. 250 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിയാകോം 18 സ്റ്റുഡിയോസും മർഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ്.