അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; പിന്നെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി

കൊച്ചി∙ നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്ക്, ലൈസൻസ് ഇല്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി. പാർക്കിന് ലൈ‍സൻസ് ഇല്ലെന്ന കാര്യം സർക്കാർ അറിയിച്ചപ്പോഴാണ് ഹൈക്കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി.

അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നൽകിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം, ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരിഗണിക്കും.

പാർക്കിന്റെ വിശദ വിവരങ്ങൾ അറിയിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള വിവരം മൂന്നു ദിവസത്തിനകം അറിയിക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിനു പിന്നാലെ ഹർജി ഇന്നു പരിഗണിച്ചപ്പോഴാണ്, പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ അറിയിച്ചത്.

പഞ്ചായത്തിൽനിന്ന് പാർക്കിനുള്ള ലൈസൻസ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു. കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്നായിരുന്നു പരാതി. പാർക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താനുള്ള പഠനങ്ങളോ പരിശോധനകളോ നടത്താതെയാണ് വീണ്ടും തുറക്കാൻ അനുമതി നൽകി സർക്കാർ ഓഗസ്റ്റിൽ ഉത്തരവിറക്കിയതെന്നും പരാതി ഉയർന്നിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments