നടൻ ബാലയുടെ രണ്ടാം വിവാഹ ജീവിതവും ശുഭകരമല്ലാത്ത പര്യവസാനിയാകുന്നുവെന്ന് സ്ഥിരീകരിച്ച് ഭാര്യ എലിസബത്ത്. എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന് ബാല വെളിപ്പെടുത്തി ഏറെ നാളുകള്‍ക്കുശേഷമാണ് ഒരു വിശദീകരണം ഉണ്ടാകുന്നത്.
ബാലയും എലിസബത്തും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നതിനാൽ ഇരുവരുടെയും ജീവിതത്തിലെ വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്.
പിന്നാലെ എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും എന്നർഥം വരുന്ന ഒരു കുറിപ്പ് എലിസബത്ത് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താൻ അതീവ സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന മറ്റൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് എലിസബത്ത്.
രണ്ടാം വിവാഹത്തിന് ശേഷം ഏതാനും വർഷങ്ങൾക്കിപ്പുറം ബാലയ്‌ക്കും എലിസബത്തിനുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇക്കാര്യം വെളിപ്പെടുത്തി ബാല തന്നെയാണ് രംഗത്തെത്തിയത്. ഗുരുതരമായ കരൾ രോഗം പിടിപെട്ട ബാല, രോഗമുക്തനായി തിരിച്ചുവന്ന് ഏതാനും നാളുകൾ പിന്നിട്ടതിന് ശേഷമായിരുന്നു എലിസബത്തുമായുള്ള ബന്ധത്തിലും വിള്ളലുകൾ രൂപപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പല അഭിമുഖങ്ങളിലും നിയന്ത്രിത പ്രതികരണങ്ങൾ ബാല നടത്തുകയും ചെയ്തു. അതിനിടെ എലിസബത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ചേരാത്ത ഒരാളെ സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. “നല്ല ഹൃദയമുള്ളവർക്കാണ് ഏറ്റവുമധികം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. എല്ലാവരിലും നല്ലത് മാത്രം കാണുന്നു. അതുകൊണ്ട് എല്ലാവരിൽ നിന്നും നല്ലത് മാത്രം പ്രതീക്ഷിക്കുന്നു. ഒരാളെക്കൊണ്ട് നിങ്ങളെ ഇഷ്ടപ്പെടുത്താൻ സാധിക്കില്ല. അതുകൊണ്ടാണ് സ്നേഹത്തിന് വേണ്ടി കാത്തുനിൽക്കരുതെന്ന് പറയുന്നത്. അവരെ പോകാൻ അനുവദിക്കണം. തിരികെ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യരുത്. ” ഇതായിരുന്നു എലിസബത്ത് പങ്കുവച്ച കുറിപ്പിന്റെ ഉള്ളടക്കം.
2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയിൽ പെട്ടെന്നെന്തു സംഭവിച്ചു എന്നതാണ് ആരാധകർ ചോദിക്കുന്നത്. ബാല ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമൊക്കെ എലിസബത്ത് ഒപ്പമുണ്ടായിരുന്നു. പക്ഷേ കുറച്ച് മാസങ്ങളായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതിരുന്നത് ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
അതേസമയം, ജോലിക്കായി കേരളം വിട്ടു വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയുന്നെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനൽ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവയ്ക്കാറുമുണ്ട്.
നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ബാലയുമായി എന്തിനാണു പിരിഞ്ഞതെന്നും എല്ലാം സഹിക്കാൻ ദൈവം എലിസബത്തിനു ശക്തി നൽകട്ടെയെന്നും കമന്റുകൾ ഉയരുന്നുണ്ട്.
ഗായിക അമൃതാ സുരേഷുമായുള്ള വിവാഹമോചന ശേഷമാണ് ബാല എലിസബത്ത് ഉദയൻ എന്ന ഡോക്‌ടറെ വിവാഹം ചെയ്യുന്നത്.