കാത്തിരിപ്പ് അവസാനിക്കുന്നു; എംസിഎഫിൽ നിന്നും പുറത്തിറങ്ങാൻ പോകുന്നത് എട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ; കേരളത്തിനും പ്രതീക്ഷ

ലഖ്നൗ: ഇന്ത്യയുടെ റെയിൽ ഗതാഗതത്തിൽ വിപ്ലം സൃഷ്ടിച്ച വന്ദേ ഭാരത് എക്സ്പ്രസുകൾ ഇന്നും ആ തിളക്കത്തോടെ മുന്നേറുകയാണ്. വന്ദേ ഭാരതിന് പിന്നാലെ അമൃത് ഭാരത് എക്സ്പ്രസും റെയിൽവേ കളത്തിലിറക്കി. ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നാണ് വന്ദേ ഭാരത് റേക്കുകൾ ഇന്ത്യൻ റെയിൽവേ നിർമിക്കുന്നത്. അതേസമയം യുപിയിലെ റായ്ബറേലിയിലുള്ള ഇന്ത്യൻ റെയിൽവേയുടെ മോഡേൺ കോച്ച് ഫാക്ടറി (എംസിഎഫ്) വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണത്തിലാണ്. ഇപ്പോഴിതാ എട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ തങ്ങൾ തയ്യാറായിരിക്കുകയാണെന്നാണ് എംസിഎഫ് അധികൃതർ പറയുന്നത്.

16 കോച്ചുകളടങ്ങിയ വന്ദേ ഭാരത് എക്സ്പ്രസ് സ്ലീപ്പർ ട്രെയിനുകളാണ് എംസിഎഫ് നിർമിക്കുന്നത്. 11 എസി ത്രീ ടയർ കോച്ചുകൾ, നാല്എസി ടു ടയർ കോച്ചുകൾ, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചും അടങ്ങിയതാണ് ഈ ട്രെയിൻ. നിലവിൽ 16 കോച്ചുകളടങ്ങിയ റേക്കുകളാണ് നിർമിക്കുന്നതെങ്കിലും കോച്ചുകളുടെ എണ്ണം 20 -24 വരെ ഉയർത്താൻ കഴിയും.

കൂടുതൽ വന്ദേ ഭാരത് എക്സ്പ്രസുകൾ രാജ്യത്ത് ട്രാക്കിലിറക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. 40,000 റെയിൽ കോച്ചുകൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്ന് കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് ലക്ഷ്യമിട്ടുള്ള നിർമാണ പ്രവർത്തനങ്ങളാണ് കോച്ച് ഫാക്ടറികളിൽ നടക്കുന്നത്. ചെന്നൈ ഐസിഎഫിനും, റായ്ബറേലി എംസിഎഫിനും പുറമേ കപുർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി (ആർസിഎഫ്) ലും വന്ദേ ഭാരത് റേക്കുകൾ നിർമിക്കുന്നുണ്ട്.

എംസിഎഫിന്‍റെ അഭിമാന പദ്ധതിയാണ് സ്ലീപ്പർ വന്ദേ ഭാരത് എന്നാണ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ആർഎൻ തിവാരി പറയുന്നത്. ‘ആദ്യഘട്ടത്തിൽ നമ്മൾ രണ്ട് വന്ദേ ഭാരത് സ്ലീപ്പർ റേക്കുകളാണ് പുറത്തിറക്കുക. ബാക്കിയുള്ളവ പിന്നീടും. കൃത്യസമയത്ത് ട്രെയിനുകൾ പുറത്തിറക്കുന്നതിനായി ആർഡിഎസ്ഒയും മറ്റുള്ളവരുമായും കാര്യങ്ങൾ ഏകോപിപ്പിച്ച് വരികയാണ്.’ തിവാരി പറഞ്ഞു.

വന്ദേ ഭാരത് സ്ലീപ്പറിന് പുറമെ പുഷ് – പുൾ എസി നോൺ എസി ട്രെയിനുകളും എംസിഎഫിൽ നിർമിക്കുന്നുണ്ട്. വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച ഒക്യുപെൻസി റേറ്റുള്ള സർവീസുകളിൽ മുന്നിലുള്ളത് കേരള വന്ദേ ഭാരതുകളാണ്. അതുകൊണ്ട് തന്നെ പുതിയ സ്ലീപ്പർ ട്രെയിനുകൾ ഇറങ്ങുമ്പോഴും റെയിൽവേ കേരളത്തെ പരിഗണിക്കാൻ സാധ്യതയുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments