InternationalNews

വിലക്കിൽ പൊള്ളി ഇസ്രായേൽ; ഫ്രാൻസിനെ നിയമപരമായി നേരിടും

ഗസ്സയിലും ലെബനനിലും ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഫ്രാൻസ്. അടുത്ത മാസം പാരീസിൽ നടക്കുന്ന യൂറോ നേവൽ പ്രതിരോധ പ്രദർശനത്തിൽ ഇസ്രായേൽ കമ്പനികളെ വിലക്കാനുള്ള തീരുമാനത്തിലാണ് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ.

ഇസ്രയേലിന് വലിയ ഇരുട്ടടിയാവുകയാണ് ഫ്രാൻസിൻ്റെ ഈ നീക്കം. വിലക്കിനെതിരെ നിയമപരവും നയതന്ത്രപരവുമായ നടപടികൾ സ്വീകരിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി കാറ്റ്സ് പറഞ്ഞു. ബഹിഷ്കരണമെന്നത് സൗഹൃദ രാഷ്ട്രങ്ങൾക്കിടയിൽ ഒട്ടും സ്വീകാര്യമല്ലാത്ത ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് ഫ്രഞ്ച് ഭാഷയിൽ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കാറ്റ്സ് വിശദീകരിച്ചു.

എന്താണ് യൂറോ നേവൽ?

നവംബർ നാലു മുതൽ ഏഴുവരെ നടക്കുന്ന ‘യൂറോനേവൽ 2024’ പ്രതിരോധ വ്യാപാര പ്രദർശനത്തിലാണ് ഇസ്രായേൽ കമ്പനികൾക്ക് ഫ്രാൻസ് വിലക്കേർപ്പെടുത്തിയത്. കോടാനുകോടികളുടെ ബിസിനസ് അവസരം സൃഷ്ടിക്കുന്ന ലോകത്തെ മുൻനിര പ്രതിരോധ എക്‌സിബിഷനുകളിലൊന്നായ ട്രേഡ് ഷോയാണിത്.

ഇന്ത്യയടക്കം ലോകത്തെ വിവിധ രാജ്യങ്ങളും കമ്പനികളും പങ്കാളിത്തം വഹിക്കുന്ന പ്രദർശനത്തിൽ ഇസ്രായേൽ കമ്പനികൾക്കും കോൺട്രാക്ടർമാർക്കും തങ്ങളുടെ ആയുധങ്ങളും പ്രതിരോധസന്നാഹങ്ങളും പ്രദർശിപ്പിക്കാനാകില്ല. അതേസമയം, ഇസ്രായേൽ പ്രതിനിധികൾക്ക് പങ്കെടുക്കാം. ഏതാനും മാസങ്ങൾക്കിടെ ഇതു രണ്ടാം തവണയാണ് ഇസ്രായേൽ ആയുധ കമ്പനികൾക്കെതിരെ ഫ്രാൻസിന്റെ നടപടിയുണ്ടാകുന്നത്.

ഫ്രാൻസിൻ്റെ വിലക്കിനെ മറികടക്കാൻ ഇസ്രായേൽ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

കഴിഞ്ഞ ജൂണിൽ നടന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ആയുധ പ്രദർശനങ്ങളിലൊന്നായ ‘യൂറോസാറ്ററി’യിലും ഇസ്രായേൽ കമ്പനികൾക്ക് ഫ്രാൻസ് വിലക്കേർപ്പെടുത്തിയിരുന്നു. നടപടി അവസാനനിമിഷം ഫ്രഞ്ച് കോടതി സ്‌റ്റേ ചെയ്‌തെങ്കിലും കമ്പനികൾക്ക് എക്‌സ്ബിഷനിൽ പങ്കെടുക്കാനായില്ല.

യൂറോപ്പിലെ ഏറ്റവും വലിയ നാവിക പ്രതിരോധ വ്യാപാര പ്രദർശനമാണ് യൂറോനേവൽ. പ്രതിരോധ നിക്ഷേപരംഗത്തെ പുതിയ സാധ്യതകൾ തുറക്കുന്നതിനൊപ്പം പ്രതിരോധ-ആയുധ കമ്പനികൾക്കു ശക്തിപ്രകടനത്തിനുള്ള വേദി കൂടിയാണിത്.

പ്രമുഖ ഇസ്രായേൽ പ്രതിരോധ കമ്പനികളും യൂറോനേവലിൽ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രായേലി പ്രതിരോധ സാങ്കേതിക കമ്പനികളായ റാഫേൽ, എൽബിറ്റ് സിസ്റ്റംസ്, ഇസ്രായേലിലെ ഏറ്റവും പ്രധാന ബഹിരാകാശ-വ്യോമയാന കമ്പനിയായ ഇസ്രായേൽ എയറോസ്‌പേസ് ഇൻഡസ്ട്രീസ് ഉൾപ്പെടെ പ്രദർശനത്തിൻ്റെ ഭാഗമാകുമെന്ന് വെബ്‌സൈറ്റിൽ അറിയിച്ചിരുന്നു. ഫ്രഞ്ച് ഭരണകൂടത്തിൻ്റെ പുതിയ വിലക്ക് ഈ കമ്പനികൾക്കെല്ലാം വലിയ തിരിച്ചടിയാകും.

ഇസ്രായേലിനുമേലുള്ള പ്രതിരോധം

ഗസ്സയ്ക്കു നേരെ നടത്തുന്ന ഇസ്രായേൽ ആക്രമണങ്ങൾ

ഇസ്രായേൽ ഗസ്സയ്ക്ക് നേരെ നടത്തുന്ന ഹീനമായ പ്രവർത്തിയിൽ എന്നും പ്രതികരിക്കുന്നതാണ് ഫ്രാൻസ്. എന്നാൽ ഫ്രാൻസിൻ്റെ വാക്കുകൾ പ്രധാനമന്ത്രി നെതന്യാഹു പാടെ തള്ളിക്കളയുന്ന അവസ്ഥയാണ്. ഒരു വർഷത്തിലേറെയായി നിരവധി കുട്ടികളെയും ജനങ്ങളെയുമാണ് ഇസ്രായേൽ കൊന്നൊടുക്കുന്നത്. ഇതിനൊരു അറുതിവരുത്താതെ ഫ്രാൻസിൻ്റെ നിലപാടിൽ മാറ്റം ഉണ്ടാകില്ലെന്നാണ് ഈ വിലക്ക് നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *