തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും, വിരുന്നിനും ധൂർത്തിനും കുറവൊന്നുമില്ല.
കഴിഞ്ഞതവണ നടന്ന ക്രിസ്തുമസ് പുതുവത്സര വിരുന്നിൽ പൗരപ്രമുഖർക്കായി സർക്കാർ ഒരുക്കിയത് 9.25 ലക്ഷം ചിലവാക്കി 32 ഇനങ്ങൾ ഉൾപ്പെടുന്ന ഗംഭീര വിരുന്ന്. ഒരു വർഷത്തിനിപ്പുറം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുണ്ടുമുറുക്കിയുടുക്കണം എന്ന് പറയുന്ന അതേ പിണറായി സർക്കാർ 7 ലക്ഷം രൂപ അധികം ചിലവാക്കി ഒരുക്കിയത് അതിഗംഭീര വിരുന്നാണ്.
32 ഇനങ്ങൾ ആണ് 2023 ൽ മാസ്കറ്റിൽ നടന്ന ക്രിസ്മസ് വിരുന്നിൽ വിളമ്പിയത്. 9.25 ലക്ഷമായിരുന്നു ഭക്ഷണത്തിന് ചെലവായത് എന്ന വിവരവകാശ രേഖ മറുപടി പുറത്ത് വന്നിരുന്നു.
വിരുന്നിൽ പങ്കെടുത്ത പൗരപ്രമുഖർക്ക് തിരിച്ച് പോകുമ്പോൾ മുഖ്യമന്ത്രിയുടെ വക ക്രിസ്മസ് കേക്കും നൽകിയിരുന്നു. 1.20 ലക്ഷമാണ് ക്രിസ്മസ് കേക്കിന് നൽകിയത്. പട്ടത്തെ സ്ക്വയർ വൺ ഹോം മെയ്ഡ് ട്രീറ്റ്സിലെ കേക്കാണ് പൗരപ്രമുഖർക്ക് നൽകിയത്.
1.20 ലക്ഷം ഈ മാസം 1 ന് പട്ടത്തെ സ്ഥാപനത്തിന് നൽകാൻ ഉത്തരവും ഇറങ്ങി. ക്ഷണകത്ത് പ്രിൻ്റ് ചെയ്തതിന് ചെലവായ 10,725 രൂപയും ഈ മാസം 1 ന് അനുവദിച്ച് ഉത്തരവ് ഇറങ്ങി. പിണറായി മുഖ്യമന്ത്രിയായതിനു ശേഷം പൗരപ്രമുഖർക്ക് കുശാലാണ് .
ഖജനാവിലെ പണം എടുത്ത് ഒരു വർഷം കുറഞ്ഞത് 5 തവണയെങ്കിലും പൗര പ്രമുഖരെ സുഭിക്ഷമായി ഊട്ടാൻ പിണറായി ശ്രദ്ധിക്കാറുണ്ട്. 6 മാസത്തെ ക്ഷേമ പെൻഷൻ കിട്ടാതെ 60 ലക്ഷത്തോളം ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും പൗരപ്രമുഖർക്ക് ഭക്ഷണത്തിന് ചെലവായ പണം കൊടുക്കാൻ യാതൊരു ട്രഷറി നിയന്ത്രണവും ഇല്ല എന്നതാണ് ശ്രദ്ധേയം.
2024 തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ രണ്ട് കർഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഒരു ഗതിയും ഇല്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പിണറായി സർക്കാർ ക്രിസ്മസ് പുതുവത്സരാഘോഷത്തിനായി 1.20 ലക്ഷം ചിലവാക്കി കേക്ക് വാങ്ങി.
മുഖ്യമന്ത്രി ഒരുക്കിയ ചടങ്ങിലേക്ക് പൗരപ്രമുഖരെ ക്ഷണിക്കാൻ ക്ഷണക്കത്തിന് മാത്രം ചിലവായത് 10,725 രൂപ. ഒന്നാം പിണറായി സർക്കാറിന്റെ കാലം മുതൽ നാളിതുവരെ 42 കർഷക ആത്മഹത്യകൾ സംസ്ഥാനത്തുണ്ടായി എന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ തുറന്നു സമ്മതിച്ചു.
ടി സിദ്ദിഖ് എംഎൽഎയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകിയ മന്ത്രിക്ക് കർഷക ആത്മഹത്യകളുടെ കാരണങ്ങൾ വ്യക്തമല്ല. കർഷകർ ജപ്തി ഭീഷണി നേരിട്ടതായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുമില്ല.
ക്രിസ്മസ് പുതുവത്സരാഘോഷത്തിന് മാത്രം 15 ലക്ഷത്തിലധികം രൂപ ചിലവഴിച്ച അതേ പിണറായി സർക്കാർ ആത്മഹത്യ ചെയ്ത കർഷകർക്ക് റവന്യൂ വകുപ്പിൽ നിന്ന് സാമ്പത്തിക സഹായമായി നൽകിയത് 44 ലക്ഷം രൂപയാണ്.
മുഖ്യമന്ത്രിയുടെ ഔദ്യോഗികയായ ക്ലിപ്പ് ഹൗസിലെ കാലിത്തൊഴുത്തിന് ചിലവാക്കിയതും 44 ലക്ഷം തന്നെ. സാധാരണക്കാരായ കർഷകർ ജപ്തിയുടെ വക്കിൽ നിൽക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ കയ്യൊഴിയുന്ന സംസ്ഥാന സർക്കാർ നയമാണ് ഇക്കഴിഞ്ഞ നാളുകളിൽ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ പ്രധാന കാരണം. ആഘോഷങ്ങൾക്കും ധൂർത്തിനും യഥേഷ്ടം പണം അനുവദിക്കുകയാണ് പിണറായി സർക്കാർ.