തിരുവനന്തപുരം : അതിജീവിതമാർക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തിൽ കേരളം രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്ന കാര്യത്തിലും കേരളം ഒന്നാമതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ പ്രോസിക്യൂഷൻ സംവിധാനം രാജ്യത്തെ മറ്റ് ഏതൊരു സംസ്ഥാനത്തെക്കാളും മുന്നിൽ നിൽക്കുന്നതാണ്. കുറ്റമറ്റ രീതിയിലുള്ള പോലീസ് പ്രോസിക്യൂഷൻ സംവിധാനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ശിക്ഷ ഉറപ്പാക്കാനും കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏതൊരു ഹീനമായ കുറ്റകൃത്യങ്ങളിൽ പോലും കേരളം അതിവേഗം അന്വേഷണവും വിചാരണയും പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിലെ പ്രോസിക്യൂഷൻ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന് പുതിയ ആസ്ഥാനമന്ദിരം നിർമ്മിക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.