പാലക്കാട്: പരസ്പരം ട്രോളി നടൻ ധ്യാൻ ശ്രീനിവാസും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും. പാലക്കാട് വിക്ടോറിയ കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. പദയാത്രയെ കുറിച്ചുള്ള ഷാഫിയുടെ വൈറൽ വീഡിയോയെ കുറിച്ച് പറഞ്ഞ് കൊണ്ടായിരുന്നു ധ്യാൻ തന്റെ പ്രസംഗം തുടങ്ങിയത്. എന്നാൽ ഇത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മനസിലായില്ല. തുടർന്ന് വൈറൽ വീഡിയോയെ കുറിച്ച് ഷാഫി തന്നെ പറഞ്ഞ് തുടങ്ങി.
‘നിങ്ങൾക്ക് സംഭവം ഞാൻ വിശദമാക്കാം. ഞങ്ങളൊരു സൈക്കിൾ റാലി നടത്തുകയായിരുന്നു. നൂറിലധികം കിലോമീറ്റർ ഉണ്ടായിരുന്നു. ഒരു വലിയ കയറ്റമുണ്ടായിരുന്നു. ചവിട്ടിക്കൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു, എടാ പദയാത്ര തന്നെ മതിയായിരുന്നു എന്ന് പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു അണ്ണൻ്റെ തന്നെ ബുദ്ധിയാണല്ലോ, അണ്ണൻ ചവിട്ടിക്കോയെന്ന്. അപ്പോൾ ആരോ മുന്നിൽ നിന്ന് പറയുന്നുണ്ട്, ഇത് ലൈവ് ലൈവ് ആണെന്ന് . ഞാൻ അവനോട് കാണിക്കുന്നുണ്ട് എടാ അത് ഡിലീറ്റ് ചെയ്യട എന്ന് പറഞ്ഞു. അവനത് ഡിലീറ്റ് ചെയ്തില്ല എന്നുമാത്രമല്ല ഞാൻ പറഞ്ഞതും ലൈവ് ആയി കൊടുത്തു. ആ വീഡിയോയെ പറ്റിയാണ് അണ്ണൻ ഇപ്പോൾ പറഞ്ഞത്’, ഷാഫി പറമ്പിൽ പറഞ്ഞു. ഷാഫി പറഞ്ഞ് നിർത്തിയതോടെ വൻ കൂട്ടച്ചിരിയായിരുന്നു വേദിയിൽ ഉയർന്നത്.
ഷാഫി പറഞ്ഞ് നിർത്തിയപ്പോഴേക്കും ധ്യാനും തുടങ്ങി.ധ്യാനിന്റെ തമാശ നിറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു-‘മൂന്നാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് പാലക്കാട് വഴി ചെന്നൈയിലേക്ക് പോകുമ്പോൾ റോഡിലെ ഫ്ലക്സിൽ അണ്ണന്റെ ഫോട്ടോ കണ്ടിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് ആരാണെന്ന് ചോദിച്ചപ്പോൾ ഇതാണ് മോനെ ഷാഫി പറമ്പിൽ എന്ന് അച്ഛൻ പറയുമായിരുന്നു എന്നാണ് ധ്യാൻ പറഞ്ഞത്. ഇതിന് ധ്യാൻ മൂന്നിൽ പഠിക്കുന്ന സമയത്ത് താൻ ജനിച്ചിട്ട് പോലുമില്ലെന്നായിരുന്നു ഷാഫിയുടെ മറുപടി. ഷാഫിയുടെ ഗർജിക്കുന്ന പ്രസംഗങ്ങൾ താൻ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും ”പദയാത്ര മതിയായിരുന്നു” എന്ന വീഡിയോയാണ് തന്നെ ഏറ്റവും ആകർഷിച്ചതെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
അച്ഛൻ സിനിമ നടനായതുകൊണ്ട് മാത്രം സിനിമയിൽ വന്നയാളാണ് താനെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. തന്നെ അഭിമുഖങ്ങളിലൊക്കെ സ്ഥിരമായി വിളിച്ചിരുന്നത് ”നെപ്പോ കിഡ്” എന്നായിരുന്നുവെന്നും ആ പേര് മാറാൻ ഒരുപാട് സമയമെടുത്തുവെന്നും ധ്യാൻ പറഞ്ഞു. അതേസമയം ഇരുവരുടേയും പ്രസംഗവും പരിപാടിയുടെ വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ വൈറലായി കഴിഞ്ഞു.