തണ്ണീർ കൊമ്പൻ ചരിഞ്ഞു; 20 ദിവസത്തിനിടെ രണ്ട് തവണ തണ്ണീർകൊമ്പനെ മയക്കുവെടി വെച്ചിരുന്നു

കൽപ്പറ്റ: മാനന്തവാടിയിൽ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു. കർണാടക വനംവകുപ്പ് വിവരം കേരള വനംവകുപ്പിനെ അറിയിച്ചു. ഇന്ന് ബന്ദിപൂരിൽ വെച്ചാണ് ആന ചരിഞ്ഞത്. 20 ദിവസത്തിനിടെ രണ്ട് തവണ തണ്ണീർകൊമ്പനെ മയക്കുവെടി വെച്ചിരുന്നു.

മാനന്തവാടിയിൽ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീർ‌ കൊമ്പനെ കർണാടകയിലെ രാമപുര എലഫൻറ് ക്യാമ്പിൽ എത്തിച്ചിരുന്നു. ഇന്ന് പുലർച്ചയോടെയാണ് കൊമ്പനെ ബന്ദിപ്പൂരെത്തിച്ചത്. പ്രാഥമിക ആരോഗ്യ പരിശോധനകൾക്ക് ശേഷം ആനയെ കൂട്ടിലേക്ക് മാറ്റിയിരുന്നു. മയക്കു വെടി വെച്ചതിനുശേഷം അഞ്ചുമണിക്കൂറിലേറെയാണ് ആന വനം വകുപ്പിന്റെ അനിമൽ ആംബുലൻസിൽ സഞ്ചരിച്ചത്.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീർ കൊമ്പനെ ഇന്നലെ കൂട്ടിലാക്കിയത്. മയക്കുവെടി വെച്ച് മയക്കിയ ആനയെ കുംകി ആനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിൽ കയറ്റുകയായിരുന്നു. ലോറിയിൽ കയറാൻ മടിച്ച കൊമ്പനെ കുംകിയാനയായ കോന്നി സുരേന്ദ്രനാണ് ലോറിയിലേക്ക് തളളി കയറ്റിയത്.

രണ്ട് തവണയാണ് തണ്ണീർകൊമ്പന് നേരെ മയക്കുവെടിവെച്ചത്. ബൂസ്റ്റർ ഡോസ് നൽകുകയും ചെയ്തിരുന്നു. രണ്ടാം മയക്കുവെടിയേറ്റ ആന പത്ത് മീറ്ററോളം നടന്നു. കൊമ്പനെ പിടികൂടുന്നത് കാണാൻ വൻ ജനക്കൂട്ടമാണ് സ്ഥലത്തെത്തിയത്. ആനയെ പിടികൂടി ബന്ദിപ്പൂർ വനത്തിൽ തുറന്നു വിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ‍ഡി ജയപ്രസാദ് ഉത്തരവിട്ടിരുന്നു.

മാനന്തവാടി പായോട് ആണ് ഇന്നലെ പുലർച്ചെയാണ് ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കർഷകരാണ് ആനയെ കണ്ടത്. തുടർന്ന് ആന മാനന്തവാടി പട്ടണത്തിലേയ്ക്ക് നീങ്ങുകയും മാനന്തവാടി നഗരത്തിന് മധ്യത്തിലുള്ള ചതുപ്പിൽ നിലയുറപ്പിക്കുകയുമായിരുന്നു. നേരത്തെ കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments