ഗ്ലാമര്‍ പൊലിഞ്ഞ കേന്ദ്ര ബജറ്റ്; നിര്‍മല സീതാരാമന്റെ ബജറ്റില്‍ ബി.ജെ.പിക്ക് നിരാശയും രാഹുല്‍ഗാന്ധിക്ക് പ്രതീക്ഷയും

ഐസക്ക് ജോർജ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വര്‍ഷത്തിലെ നിര്‍മല സീതാരാമന്റെ ഇടക്കാല ബജറ്റില്‍ ഗ്ലാമര്‍ നഷ്ടപ്പെട്ട് ബി.ജെ.പി. തുടര്‍ച്ചയായി ആറാമത് ബജറ്റ് അവതരിപ്പിച്ച് ചരിത്രത്തില്‍ ഇടം നേടിയ നിര്‍മല സീതാരാമന്റ ബജറ്റിനെ കുറിച്ച് വമ്പന്‍ പ്രതീക്ഷകളാണ് ഉയര്‍ന്നിരുന്നത്.

ഹാട്രിക് വിജയത്തിലേക്ക് മോദിയെ നയിക്കാന്‍ സാധിക്കുന്ന ബജറ്റ് ആയിരിക്കും നിര്‍മലയുടേതെന്ന അമിത പ്രതീക്ഷയാണ് ബി.ജെ.പിയും പുലര്‍ത്തിയിരുന്നത്. ബജറ്റ് കഴിഞ്ഞപ്പോള്‍ മല പോലെ വന്നത് എലി പോലെ എന്ന അവസ്ഥയിലായി. പവനായി ശവമായി എന്ന് ചുരുക്കം.

10 വര്‍ഷത്തെ മോദി ഭരണത്തിന്റെ ധനകാര്യ നേട്ടങ്ങള്‍ വിശദീകരിക്കുകയായിരുന്നു 58 മിനിട്ട് ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗത്തില്‍ ഏറിയ ഭാഗവും. പ്രസംഗം തുടങ്ങുമ്പോള്‍ 21832 പോയിന്റില്‍ നിന്ന നിഫ്റ്റി പ്രസംഗം കഴിഞ്ഞപ്പോള്‍ 21685 പോയിന്റിലേക്ക് വീണു. സെന്‍സെക്‌സ് 72,151 ല്‍ നിന്ന് 71,584 വരെ ഇടിഞ്ഞു.

പി.എം കിസാന്‍ കൂട്ടുമെന്ന് പ്രതീക്ഷിച്ച കര്‍ഷകരെ നിരാശയിലാക്കിയ നിര്‍മല സീതാരാമന്‍ വളം സബ്‌സിഡിക്ക് വെട്ടികുറച്ചത് 24894 കോടി. 2023- 24ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 1,88,894 കോടിയാണ് വളം സബ്‌സിഡി. ബജറ്റില്‍ പ്രഖ്യാപിച്ചതാകട്ടെ 1,64,000 കോടിയും.

ആദായ നികുതി നിരക്കില്‍ മാറ്റം പ്രതീക്ഷിച്ച് സ്വപ്നം കണ്ടുറങ്ങിയ രാജ്യത്തെ മധ്യവര്‍ഗം ബജറ്റ് കഴിഞ്ഞതോടെ നിരാശയുടെ പടുകുഴിയിലായി. ഭവന വായ്പ പലിശയിന്‍മേലുള്ള ഡിഡക്ഷനുകള്‍ കൂട്ടാനും സെക്ഷന്‍ 80 സി പ്രകാരമുള്ള ഇളവുകള്‍ ഉയര്‍ത്താനും തെരഞ്ഞെടുപ്പ് വര്‍ഷത്തിലെ ബജറ്റില്‍ ധനമന്ത്രി തയ്യാറാകുമെന്ന അമിത പ്രതീക്ഷയിലായിരുന്നു രാജ്യത്തെ മധ്യവര്‍ഗം. പഴയ സ്‌കീമിലും പുതിയ സ്‌കീമിലും നിലവിലെ നികുതി സ്ലാബുകള്‍ തന്നെ തുടരുമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം അവരെ നിരാശയിലാക്കി. പ്രത്യക്ഷ നികുതി, പരോക്ഷ നികുതി എന്നിവയുടെ നിരക്കിലും മാറ്റമില്ല.

പെട്രോള്‍ ഡീസല്‍ വില കുറയ്ക്കും എന്ന പ്രതീക്ഷയും അസ്ഥാനത്തായി. നാരി ശക്തി എന്നൊക്കെ നാഴികക്ക് നാല്‍പത് വട്ടം പറയുന്ന ധനമന്ത്രി ഗ്യാസിന്റെ വില കുറക്കാന്‍ പോലും ബജറ്റില്‍ തയ്യാറായില്ല. തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തില്‍ തൊഴില്‍ നല്‍കാന്‍ കാര്യമായ പദ്ധതികള്‍ ഒന്നുമില്ല. മൂലധന ചെലവ് കൂടുമ്പോള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്ന സ്ഥിരം പല്ലവിയാണ് ഈ ബജറ്റിലും മന്ത്രി പാടുന്നത്.

എന്തിനേറെ പറയുന്നു സാമൂഹ്യ സുരക്ഷ പെന്‍ഷനും തൊഴിലുറപ്പ് പദ്ധതിക്ക് പോലും സ്വാഭാവികമായ വര്‍ധനവ് ബജറ്റില്‍ ഇല്ല. തൊഴിലുറപ്പ് പദ്ധതിയുടെ ഇക്കൊല്ലത്തെ ചെലവ് 86,000 കോടി രൂപയാണ്. അതു തന്നെ പുതിയ ബജറ്റിലിലേയും വകയിരുത്തല്‍. സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ക്ക് 9,600 കോടിയാണ് 2023-24 ലെ ബജറ്റില്‍ വകയിരുത്തിയത്. ഇത്തവണയും അതേ തുക തന്നെ വകയിരുത്തി. ബജറ്റ് എസ്റ്റിമേറ്റൊക്കെ ഒരു തമാശയായി മാറി എന്നര്‍ത്ഥം.

ബജറ്റ് സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയുടെ 19 ആം ദിവസമായിരുന്നു ധനമന്ത്രിയുടെ ബജറ്റ് . രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രക്ക് അഭൂതപൂര്‍വ്വമായ ജനസഞ്ചയമാണ് ലഭിക്കുന്നത്. മെഗാഹിറ്റ് പ്രതീക്ഷിച്ച നിര്‍മലയുടെ ബജറ്റ് ഫ്‌ളോപ്പ് ആയതിന്റെ ഞെട്ടലിലാണ് ബി.ജെ.പി. നിര്‍മലയുടെ ബജറ്റ് കഴിഞ്ഞതോടെ രാഹുല്‍ ഗാന്ധിക്ക് ശുക്രന്‍ ഉദിച്ചു. ബി.ജെ. പിയുടെ ഹാട്രിക് തടയാന്‍ നിര്‍മലയുടെ ബജറ്റ് ഉല്‍പ്രേരകം ആകുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. നിര്‍മലയുടെ ബജറ്റ് ചരട് പൊട്ടിയ പട്ടം പോലെ പറക്കുമ്പോള്‍ കാര്യങ്ങള്‍ ശുഭമല്ല ബി.ജെ.പിക്ക്. മേക്കാറ്റ് പിടിച്ച പട്ടം തിരിച്ച് വരാന്‍ പണി പതിനെട്ടും പയറ്റേണ്ടി വരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments