ഓരോ അഞ്ചുവര്‍ഷവും വളരുന്ന പ്രതിഭാസമാണ് നരേന്ദ്രമോദിയെന്ന് പ്രശാന്ത് കിഷോര്‍. 2002 മുതല്‍ 2024 വരെയുള്ള നരേന്ദ്രമോദിയുടെ വളര്‍ച്ചയെ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് കിഷോറിന്റെ വിലയിരുത്തല്‍.
2024 ല്‍ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുന്നതിനുള്ള പ്രധാന കാരണം നരേന്ദ്രമോദിയെന്ന മുഖമാണ്. രാമക്ഷേത്ര നിര്‍മ്മാണം പോലുള്ളവ പുതിയ വോട്ടുകള്‍ ബിജെപിയിലേക്ക് എത്തിക്കില്ലെന്നും പക്ഷേ, നരേന്ദ്രമോദിയെന്ന ബ്രാന്റ് അതിലേക്ക് നയിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.
രാമക്ഷേത്രം, വികസിത ഭാരത്, ലാഭാര്‍ത്ഥി യോജന (അവകാശിക്ക് ധനസഹായം നേരിട്ട് കിട്ടുന്ന പദ്ധതി), ഹിന്ദുത്വം എന്നിവയൊക്കെയും നരേന്ദ്രമോദിയെന്ന ബ്രാന്റിന് കീഴില്‍ വരുന്ന കാര്യങ്ങളാണ്. മോദിയും അദ്ദേഹത്തിന്റെ അജണ്ടകളും ഓരോ അഞ്ചുവര്‍ഷങ്ങളിലും വികസിക്കുകയാണ്.
2002 ല്‍ നരേന്ദ്രമോദി ഹിന്ദു ഹൃദയ സാമ്രാട്ട് ആയിരുന്നു. 2007 ല്‍ ഒരു ഗുജറാത്ത് പോലുള്ള സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ പ്രാപ്തിയുള്ള നേതാവ് എന്നായിരുന്നു വിശേഷിപ്പിച്ചത്. 2017 ഇന്ത്യയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രാപ്തിയുള്ള ദേശീയ നേതാവായി മാറി നരേന്ദ്രമോദി. 2019 ല്‍ ഇന്ത്യയെ ലോകനിലവാരത്തിലേക്ക് വളര്‍ത്താന്‍ ശേഷിയുള്ള വ്യക്തിയായി അവതരിപ്പിക്കപ്പെട്ടു. 2024 ആയപ്പോഴേക്കും രാമനെ ഹിന്ദുക്കള്‍ക്കും രാജ്യത്തിനും തിരികെ നല്‍കിയ മഹാനേതാവായി മാറിയെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.
നരേന്ദ്രമോദിയെന്ന മുഖം നോക്കിയാണ് ബഹുഭൂരിപക്ഷവും ബിജെപിക്ക് വോട്ട് ചെയ്യുന്നതെന്നും മോദിയെ തള്ളിപ്പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം സാധ്യമല്ല.
1980 ല്‍ ഇന്ദിരഗാന്ധി എത്രത്തോളം രാജ്യത്തും കോണ്‍ഗ്രസ് പാര്‍ട്ടിയിലും ശക്തയായിരുന്നോ അതിനേക്കാള്‍ ശക്തിയിലാണ് ഇന്ന് മോദിയുടെ സ്ഥാനമെന്നും പ്രശാന്ത് കിഷോര്‍ ഇന്ത്യ ടുഡേ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ പ്രതീക്ഷയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞുവെച്ചു.