നിയമസഭയില്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്ത ദിനം തന്നെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ട് അനുവദിച്ചു
തിരുവനന്തപുരം: നവകേരള സദസ് യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രപ്പടി ഇനത്തില്‍ കൈ പറ്റുന്നത് ലക്ഷങ്ങള്‍. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്രപ്പടി നല്‍കാന്‍ 35 ലക്ഷം അധിക ഫണ്ടായി ധനവകുപ്പ് അനുവദിച്ചു.
ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി ഈ മാസം 30 നാണ് ബാലഗോപാല്‍ അധിക ഫണ്ട് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി നിയമസഭ ചര്‍ച്ച ചെയ്ത ദിവസം 35 ലക്ഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അനുവദിച്ചു എന്നതാണ് വിരോധാഭാസം.
യാത്രപ്പടി നല്‍കാന്‍ 35 ലക്ഷം വേണമെന്ന് പൊതുഭരണ വകുപ്പ് ജനുവരി 16 ന് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. 36 ദിവസം നീണ്ട് നിന്ന നവകേരള സദസ് ഡിസംബര്‍ 23 നാണ് സമാപിച്ചത്. കാനത്തിന്റെ മരണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ മാറ്റിവച്ച നവകേരള സദസ് ജനുവരി ആദ്യ ആഴ്ച പൂര്‍ത്തിയാക്കിയിരുന്നു.
ഒരു കിലോമീറ്റര്‍ യാത്രക്ക് 15 രൂപ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്രപ്പടിയായി ലഭിക്കും. ഒരു ദിവസം താമസത്തിന് 1000 രൂപയും. ഇതനുസരിച്ച് 36 ദിവസത്തെ നവകേരളയാത്രക്ക് താമസത്തിന് മാത്രം 36000 രൂപ ഒരു മന്ത്രിക്ക് ലഭിക്കും. 20 മന്ത്രിമാരുടെ താമസത്തിന്റെ ചെലവ് മാത്രം 7.20 ലക്ഷം ചെലവാകും.
നവകേരള സദസിനു വേണ്ടി 1.05 കോടിയുടെ ആഡംബര ബസ് സര്‍ക്കാര്‍ വാങ്ങിയത് വിവാദമായിരുന്നു. പരിപാടിയില്‍ ബസില്‍ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍ പരിപാടിക്ക് അകമ്പടി ആയി ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച നിയമസഭ ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.