ഗ്യാൻവാപി പള്ളിയിൽ ആരാധന നട‌ത്തി ഹൈന്ദവ സംഘടനകൾ; ബോർഡ് മാറ്റി ക്ഷേത്രമെന്നാക്കി

ന്യൂ ഡൽഹി: വാരാണസി കോടതി അനുമതി നൽകിയതിന് പിന്നാലെ ​ഗ്യാൻവാപിയിൽ ആരാധന ന‌ടത്തി ഹൈന്ദവ വിഭാ​ഗം. ​ഗ്യാൻവാപി മസ്ജിദിന്റെ പേരും ഹിന്ദുത്വ സംഘടനകൾ മറച്ചു. മാത്രമല്ല മസിജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോർഡിൽ ​ഗ്യാൻവാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കറും ഒട്ടിച്ചു. ​ഗ്യാൻവാപി മസ്ജിദ് എന്നായിരുന്നു സൂചന ബോർഡിലുണ്ടായിരുന്നത്. ഇതോടെ മസ്ജിദിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചു.

ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് അനുമതി നൽകിയിരുന്നു. വാരാണസി ജില്ലാ കോടതിയാണ് അനുമതി നൽകിയത്. ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണമൊരുക്കണമെന്നും നിർദേശമുണ്ടായിരുന്നു. ഗ്യാൻവാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയിൽ പൂജ നടത്താനാണ് അനുമതി. പള്ളിയുടെ നിലവറയിലേക്ക് ഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കുന്നതിന് ബാരിക്കേഡുകൾ നീക്കം ചെയ്യാനും നിർദേശം നൽകിയിരുന്നു.

പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സർവേക്കായി സുപ്രീം കോടതി നിർദേശപ്രകാരം സീൽ ചെയ്തിരിക്കുകയായിരുന്നു ഈ നിലവറ. പൂജ ഏഴ് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഹിന്ദു വിഭാഗം അഭിഭാഷകൻ അഡ്വ. വിഷ്ണു ശങ്കർ ജെയിൻ വിധിക്ക് പിന്നാലെ വ്യക്തമാക്കിയിരുന്നു. ജില്ലാ കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നായിരുന്നു അൻജുമാൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ അഖ്‌ലാഖ് അഹമ്മദിൻ്റെ പ്രതികരണം. ഹർജി തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിൽ വാദം കേൾക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് ഗ്യാൻവാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളിൽ എഴുത്തുകളുള്ള പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ലിഖിതങ്ങളിൽ ജനാർദ്ദനൻ, രുദ്രൻ, ഉമേശ്വരൻ എന്നിങ്ങനെ മൂന്ന് പേരുകൾ ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments