Loksabha Election 2024Politics

തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി: ഇനി 2 വര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ..

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. എങ്കിലും ജനവിധിയാണ് പ്രധാനമെന്നും ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ തികഞ്ഞ ഈശ്വരവിശ്വാസിയാണ്. ഈശ്വരന്‍ കാക്കും. 2019ലെ തെരഞ്ഞെടുപ്പില്‍ നിന്ന് വോട്ടര്‍മാര്‍ക്ക് ഒരു പഠനം ഉണ്ടായെന്ന് കരുതിക്കോളൂവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ എം.പിയാകാനാണ് വന്നത്. ഒരു മന്ത്രിയേക്കാള്‍ മികച്ച രീതിയില്‍ ജോലി ചെയ്യാനുള്ള സാഹചര്യം പാര്‍ട്ടിയില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് വരെയെങ്കിലും എനിക്ക് ഇളവ് തരണമെന്ന് ആഭ്യന്തരമന്ത്രിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയും ചെയ്യണം, ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും സാധിക്കണം. പകരം ഞാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്, ഒരു മന്ത്രി എന്ന നിലയ്ക്ക് കേരളത്തില്‍ എനിക്ക് എന്തൊക്കെ ചെയ്യാന്‍ ആഗ്രഹിക്കുന്നോ അതിന്റെ 25 ശതമാനമെങ്കിലും സാധ്യമാക്കിത്തരുന്ന അഞ്ച് വകുപ്പ് മന്ത്രിമാരെ ചൊല്‍പ്പടിക്ക് വിട്ടുതരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൊല്‍പ്പടി എന്നത് ജനങ്ങളുടെ ചൊല്‍പ്പടിയാണ്. എന്റെ വോട്ടര്‍മാരുടെ ചൊല്‍പ്പടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപിയാകാനാണ് വന്നിരിക്കുന്നത്. എംപിയായാല്‍ കേന്ദ്രമന്ത്രിയെക്കാള്‍ മികച്ച രീതിയില്‍ വര്‍ക്ക് ചെയ്യാനുള്ള അന്തരീക്ഷം തന്റെ പാര്‍ട്ടിക്കുണ്ട്. തന്റെ സമ്പാദ്യം മുഴുവന്‍ തൊഴിലില്‍ നിന്നാണ്. രാഷ്ട്രീയത്തില്‍ നിന്ന് ഒട്ടുമില്ല.

ഒരു മന്ത്രിയാകണമെന്നില്ല. അതിന് പല സമവാക്യങ്ങളുണ്ട്. അതിനല്ല താന്‍ വന്നിരിക്കുന്നത്. തന്റെ ആവശ്യം പ്രധാനമന്ത്രിയോടും രാജ്യരക്ഷാമന്ത്രിയോടും ഗൃഹമന്ത്രിയോടും പറഞ്ഞിട്ടുണ്ട്. ഇനി ഒരു രണ്ടുവര്‍ഷത്തേക്ക് തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിടണമെന്ന് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ്മാസം മുമ്പ് വരെയെങ്കിലും. തെരഞ്ഞെടുക്കപ്പെട്ടാല്‍ തൃശൂരിന് വേണ്ടിയാണ് അവര്‍ എന്നെ തെരഞ്ഞെടുത്തതത് എന്ന് ഞാന്‍ വിശ്വസിക്കില്ല. കേരളത്തിന് വേണ്ടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ക്രോസ് വോട്ടിങ് ബിജെപിക്ക് തിരിച്ചടിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ശവക്കല്ലറയില്‍ നിന്ന് വന്ന് ആരും വോട്ട് ചെയ്തിട്ടില്ലല്ലോ?. അതാണല്ലോ അവരുടെ പാരമ്പര്യം. വര്‍ഷങ്ങളായിട്ട് അതല്ലേ ചെയ്യുന്നത്. പോയി കളക്ടറോട് ലിസ്റ്റ് ചോദിക്കു. ലിസ്റ്റിലുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. അതില്‍ ആരൊക്കെ രണ്ടുവോട്ട് ചെയ്തു. നിയമം ലംഘിച്ച അവരെ തൂക്കിക്കൊല്ലാന്‍ വിധിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ ഉന്നതര്‍ക്കും പങ്കുണ്ട്. വിമര്‍ശനം വെറുതെ കാക്കിയിട്ടവനെ മാത്രം ഇല്ലായ്മ ചെയ്യാനാവരുത്. അവര്‍ നിര്‍ദേശങ്ങളാണ് അനുസരിക്കുന്നത്. ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാര്‍മാര്‍ മാത്രം പോര ജനപക്ഷത്തെന്നും ഉദ്യോഗസ്ഥരും വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂരില്‍ അടക്കം ഈ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *