KeralaNews

4 തവണ വൈദ്യുതി ചാര്‍ജ് കൂട്ടി പിണറായി സര്‍ക്കാര്‍ അധികമായി നേടിയത് 2434 കോടി രൂപ; എന്നാലും നഷ്ടത്തിലാണെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധനവിലൂടെ പിണറായി സര്‍ക്കാര്‍ അധികമായി പിരിച്ചെടുത്തത് 2434 കോടി രൂപയെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പിണറായി സര്‍ക്കാര്‍ നാല് തവണ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും എ.പി അനില്‍കുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കുന്നു.

സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 1000 കോടി രൂപ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്ന് 3780 കോടി രൂപ വൈദ്യുതി ചാര്‍ജിനത്തിനത്തില്‍ കുടിശികയായി ലഭിക്കാനുണ്ടെന്നും സമ്മതിച്ച മന്ത്രി. ഇത് പിരിച്ചെടുത്ത് നഷ്ടം നികത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നില്ല.

കുടിശിക പിരിച്ചെടുക്കാതെ വൈദ്യുത ചാര്‍ജ് വര്‍ധനവ് വഴി ജനങ്ങളെ പിഴിയുക എന്ന നയം ആണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് മന്ത്രിസഭ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നത്.

2016 മെയ് മാസം മുതല്‍ നാല് തവണയാണ് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷങ്ങളിലാണ് നിരക്ക് വര്‍ദ്ധന. 2027 ല്‍ 4.77 ശതമാനം, 2029 ല്‍ 7.32 ശതമാനം, 2022 ല്‍ 6.59 ശതമാനം, 2023 ല്‍ 3 ശതമാനം എന്നിങ്ങനെയായിരുന്നു വര്‍ദ്ധനവ്. ഇങ്ങനെയാണ് ആകെ 2434 കോടി രൂപ അധികമായി ലഭിച്ചത്.

സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും 3780 കോടി രൂപ കെ.എസ്.ഇ.ബിക്ക് ലഭിക്കാനുണ്ട്. 2022-23 ലെ കണക്കുകള്‍ പ്രകാരം 1023.62 കോടി രൂപയുടെ നഷ്ടത്തിലാണ് കെ.എസ്.ഇ.ബി ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. 2023 സെപ്റ്റംബര്‍ വരെയുള്ള താല്‍ക്കാലിക കണക്ക് പ്രകാരം 468.20 കോടിയുടെ നഷ്ടത്തിലാണ്. 9206 കോടി രൂപയുടെ വായ്പാ ബാധ്യതയിലാണ് കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തനം.

Leave a Reply

Your email address will not be published. Required fields are marked *