ശ്രീനഗർ : ലഡാക്കിൽ ഇന്ത്യാ ചൈന തർക്കം ഉണ്ടാകാൻ സാധ്യത .ഇത് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ ലഡാക്കിൽ പ്രകോപനം സൃഷ്ടിക്കാൻ ചൈനീസ് ശ്രമം നടത്തുന്നത്. ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിലിലെ പ്രതിപക്ഷ നേതാവും ലേ സിറ്റിയിൽ നിന്നുള്ള സിറ്റിംഗ് കൗൺസിലറുമായ സെറിംഗ് നംഗ്യാലാണ് ഇത് വ്യക്തമാക്കുന്ന വീഡിയോ പങ്ക് വച്ചിരിക്കുന്നത്. 6.5 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയാണ് ഇത്.
വീഡിയോയിൽ എട്ടോളം പിഎൽഎ സൈനികർ ഒരു യുദ്ധ വാഹനത്തിൽ എത്തി സൈറൺ എങ്ങനെ മുഴക്കിയതായി കാണിക്കുന്നു. ഇടയന്മാരെയും കന്നുകാലികളെയും വിരട്ടി ഓടിക്കാൻ ശ്രമിക്കുന്ന വീഡിയോ വൈറലായതോടെ വിഷയം അതീവ ഗൗരവത്തോടെ നോക്കിക്കാണുകയാണ് ഇന്ത്യ . ജനുവരി രണ്ടിനാണ് സംഭവം ഉണ്ടായത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ നൽകുന്ന വിവരം.
പ്രദേശത്ത് ആട് മേയ്ക്കുന്നതിനിടെ ഒരു വാഹനത്തിൽ ചൈനീസ് സൈന്യം പ്രദേശത്തേക്ക് എത്തുന്നതായി ദൃശ്യങ്ങളിൽ കാണാം. ആടു മേയ്ക്കാൻ എത്തിയവരുടെ അടുത്ത് വാഹനം നിർത്തിയ അവർ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് ചോദിക്കുന്നു. പിന്നാലെ ഇവരോട് ഉടൻ പ്രദേശം വിട്ട് പോകാൻ താക്കീത് നൽകുന്നതായും വീഡിയോയിൽ കാണാം.
വീഡിയോ കാണാം –
എന്നാൽ ചൈനീസ് സൈന്യത്തിന്റെ ഭീഷണി വകവയ്ക്കാതിരുന്ന ആട്ടിടയന്മാർ പ്രദേശം വിട്ട് പോകാൻ തയ്യാറായില്ല. പ്രദേശം ഇന്ത്യയുടേത് ആണെന്നും ഇവിടെ തന്നെ തുടരുമെന്നും ഇവർ സൈന്യത്തോട് പറഞ്ഞു. കുറച്ചു നേരം തർക്കിച്ച ശേഷം ചൈനീസ് സൈന്യം സ്ഥലം വിടുകയായിരുന്നു.
പീപ്പിൾസ് ലിബറേഷൻ ആർമിയെ സാധാരണക്കാർ പോലും ഇന്ന് ധൈര്യത്തോടെയാണ് നേരിടുന്നത് എന്ന് ചുഷുൽ കൗൺസിലർ പറഞ്ഞു. നമ്മുടെ മണ്ണ് സംരക്ഷിക്കാൻ അവർ കാണിക്കുന്ന ധൈര്യം പ്രശംസനീയമാണ്. ഇവരാണ് നമ്മുടെ നാടിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.