മാലി: മന്ത്രിമാരുടെ നിയമനത്തിന് അംഗീകാരം തേടി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത മാലദ്വീപിലെ ചൈന അനുകൂല പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് പ്രതിപക്ഷത്തിന്റെ ഷോക്ക് ട്രീറ്റ്മെന്റ്. പ്രതിപക്ഷ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) എതിർത്ത 4 മന്ത്രിമാരിൽ 3 പേർക്കും പാർലമെന്റിന്റെ അനുമതി ലഭിച്ചില്ല. വോട്ടെടുപ്പിനു മുൻപു നടന്ന ചർച്ചയിൽ ഞായറാഴ്ച ഭരണ–പ്രതിപക്ഷ എംപിമാർ പാർലമെന്റിനുള്ളിൽ തമ്മിലടിച്ചിരുന്നു.
ഹൗസിങ് മന്ത്രി അലി ഹൈദർ അഹമ്മദ് (46–24), അറ്റോർണി ജനറൽ അഹമ്മദ് ഉഷം (44–24), ഇസ്‍ലാമിക് മന്ത്രി മുഹമ്മദ് ഷഹീം അലി സയീദ് (31–30) എന്നിവരെ പാർലമെന്റ് തള്ളി. സാമ്പത്തികകാര്യ മന്ത്രി മുഹമ്മദ് സയീദ് (37–32) എംഡിപിയുടെ വിപ്പിനെ അതിജീവിച്ചു. മന്ത്രിസഭയിലെ മറ്റ് 18 അംഗങ്ങൾക്കും പാർലമെന്റിന്റെ അനുമതി ലഭിച്ചു.
ഇതേസമയം, പാർലമെന്റിൽ ഭൂരിപക്ഷമുള്ള എംഡിപിയുടെ നേതൃത്വത്തിൽ പ്രതിപക്ഷകക്ഷികൾ പ്രസിഡന്റ് മുയിസുവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എംഡിപി എംപിമാരുടെ ഒപ്പുശേഖരണം ആരംഭിച്ചു.