തിരുവനന്തപുരം: പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി.
സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുമായി പങ്കുവെക്കുന്നതിനായി നടത്തിയ യാത്രയില്‍ മുഖ്യമന്ത്രിയുടെ വാഹനം തടസ്സപ്പെടുത്തിയതും വാഹനത്തിന് നേരെ അക്രമ സംഭവങ്ങള്‍ സംഘടിപ്പിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭാ മറുപടിയില്‍ വ്യക്തമാക്കി.
പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കുന്നവരെ ലാത്തി കൊണ്ട് തലയ്ക്കടിക്കാന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് അധികാരമുണ്ടോ എന്ന് ഉമ തോമസ്, കെ. ബാബു, ടി. സിദ്ദീഖ്, സനീഷ്‌കുമാര്‍ ജോസഫ് എന്നീ എംഎല്‍എമാരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മറുപടി നല്‍കിയിരിക്കുന്നത്.
അതിസുരക്ഷ നിഷ്‌കര്‍ഷിച്ചിട്ടുള്ള മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വാഹനവ്യൂഹത്തിലേക്ക് പ്രതിഷേധക്കാര്‍ നീങ്ങുന്നതും അവരുടെ ജീവന് തന്നെ അപകടം സംഭവിക്കുന്ന വിധത്തില്‍ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്യുന്ന അവസരത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം സംരക്ഷിത വ്യക്തിയുടെ അടുത്തേക്ക് അനധികൃതമായി നീങ്ങുന്നവരെ തടഞ്ഞ സുരക്ഷ ഉറപ്പാക്കേണ്ടത് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറുടെ ചുമതലകളില്‍പ്പെട്ടതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ആരെയെങ്കിലും മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ വസ്ത്രം പുരുഷ പോലീസ് വലിച്ചുകീറുന്നതും അവരുടെ മുടിയില്‍ ബൂട്ടിട്ട് ചവിട്ടുന്നതുമായ സംഭവങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇതിനെക്കുറിച്ചുള്ള ആക്ഷേപങ്ങളൊന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.